വിവരാവകാശ നിയമത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് ഉദ്യോഗസ്ഥർ പ്രവർത്തിക്കണം: മന്ത്രി കെ. മുരളിധരൻ

K Muraleedharan refuses to budge; 'Those who disobey the government will not remain in my time,' says Health Minister

വിവരാവകാശ നിയമത്തിന്റെ അന്തഃസത്ത പൂർണ്ണമായും ഉൾക്കൊണ്ട് കമ്മീഷനും ഉദ്യോഗസ്ഥരും മുന്നോട്ട് പോകണമെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളിധരൻ. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം നിയോജക മണ്ഡലങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്കായി ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് വിവരാവകാശ നിയമത്തിന്റെ മുഖ്യ ലക്ഷ്യം. വോട്ട് രേഖപ്പെടുത്തുന്നതുകൊണ്ട് മാത്രം ഒരു പൗരന്റെ ചുമതല അവസാനിക്കുന്നില്ല. നാട്ടിൽ നടക്കുന്ന കാര്യങ്ങളും അറിയാനും, ജനപ്രതിനിധികൾ സഭയിൽ എന്ത് ചെയ്യുന്നു എന്ന് ചോദിക്കാനുമുള്ള അവകാശം ഓരോ പൗരനുമുണ്ട്. നിയമത്തിൽ ഭേദഗതികൾ വന്നിട്ടുണ്ടെങ്കിലും പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രി ഓർമിപ്പിച്ചു.

ഒരു അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനകം വിവരം നൽകിയാൽ മതി എന്ന ചിന്താഗതി ഉദ്യോഗസ്ഥർ മാറ്റണം. എത്രയും വേഗം വിവരങ്ങൾ നൽകാനാണ് നിയമം അനുശാസിക്കുന്നത്. 30 ദിവസം എന്നത് അന്തിമ കാലാവധി മാത്രമാണ്. വിവരങ്ങൾ കൈമാറുന്നത് വൈകിപ്പിക്കാൻ പാടില്ല. ഉദ്യോഗസ്ഥർ അപേക്ഷകൾ കൃത്യമായി പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അപ്പീലുകളുടെ എണ്ണം കുറവാണെന്നത് കമ്മീഷന്റെ കൃത്യതയാർന്ന പ്രവർത്തനത്തിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരിനായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. ശ്രീകുമാർ എം.വിഷയവതരണം നടത്തി. തുടർന്ന് മുൻ അഡീഷണൽ സെക്രട്ടറിയും ലീഗൽ എക്‌സ്പർട്ടുമായ കെ. പ്രസാദ് ഉദ്യോഗസ്ഥരുമായി സംവദിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷൻ സെക്രട്ടറി നന്ദന ആർ.പി, ലീഗൽ എക്‌സ്പർട്ട് ശ്രീകേഷ് കെ.എസ്, വിവിധ വകുപ്പുകളിൽ നിന്നുള്ള പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ, അപ്പീൽ അധികാരികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

Tags