ആരോഗ്യമേഖലയിൽ ഗവേഷണത്തിനും രോഗപ്രതിരോധത്തിനും മുൻഗണന നൽകണം: മന്ത്രി കെ. മുരളീധരൻ

Doctors are reluctant to come to Kasaragod; Health Minister K. Muraleedharan takes strict action

കോഴിക്കോട് :ആരോഗ്യമേഖലയുടെ വളർച്ചയിലും രോഗപ്രതിരോധത്തിലും ഗവേഷണത്തിനും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാ രീതികൾക്കും വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ് സുവർണ ജൂബിലി ആഘോഷം 'ആലോക'യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം വന്നതിനു ശേഷമുള്ള ഇടപെടലുകൾ മാത്രമല്ല ചികിത്സ. രോഗപ്രതിരോധവും തുടർപരിചരണവും ആരോഗ്യകരമായ ജീവിതശൈലിയും ഒരുപോലെ പ്രധാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഈ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് 'ഹൃദയരാഗം'. പദ്ധതി വഴി ആരോഗ്യ സേവകർ വീടുകളിലെത്തി രോഗസാധ്യതാ വിശകലനവും സ്‌ക്രീനിംഗും നടത്തും. 18 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതി ആദ്യഘട്ടത്തിൽ നിലമ്പൂർ, വട്ടിയൂർക്കാവ്, ഇടുക്കി നിയോജക മണ്ഡലങ്ങളിൽ ആരംഭിക്കുകയും പിന്നീട് സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുഖേന പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, കാൻസർ, പക്ഷാഘാതം, കരൾ-വൃക്ക രോഗങ്ങൾ എന്നിവ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വിജയത്തിനായി ഹോമിയോപ്പതി വിഭാഗത്തിന്റെ പിന്തുണയും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യമേഖലയിൽ ഡോക്ടർമാരുടെ സേവനം കൂടുതൽ ലഭ്യമാക്കാനായി പുതിയ തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അറിവിനോടൊപ്പം സാമൂഹിക ഉത്തരവാദിത്തവും സേവന മനോഭാവവും ഡോക്ടർമാർ പുലർത്തേണ്ടതുണ്ട്. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികളോടുള്ള സ്‌നേഹപൂർണ്ണമായ പെരുമാറ്റം ചികിത്സയോളം തന്നെ പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിന്റെ വളർച്ചയിൽ സ്ഥാപനത്തിന്റെ അക്കാദമിക മികവും രോഗീപരിചരണവും ഗവേഷണവും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ കോളേജിലെ ഗോൾഡൻ ജൂബിലി ടവറിന്റെ ഉദ്ഘാടനം, ഓഡിറ്റോറിയത്തിന് സ്ഥാപക പ്രിൻസിപ്പലിന്റെ പേര് നൽകൽ, ഡോ. പ്രകാശം അനുസ്മരണ സമ്മേളന ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിച്ചു.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു. മുൻ എം.പി ബിനോയ് വിശ്വം, കോർപ്പറേഷൻ കൗൺസിലർ കെ.സി. ശോഭിത, കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ആർ. മൻസൂർ അലി, സൂപ്രണ്ട് ഡോ. ബി. റിതേഷ്, ഡി.എം.ഒ ഡോ. ഹന്ന യാസ്മിൻ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധി ഡോ. പി. വിജയൻ, എച്ച്.ഡി.എസ് പ്രതിനിധി ഡോ. മുഹ്സിൻ, പി.ടി.എ പ്രതിനിധി ഡോ. കെ. മുഹമ്മദ് അഷറഫ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ പേർസിസ് തോമസ്, സ്റ്റാഫ് അഡൈ്വസർ ഡോ. ടി.പി. അരുൺ കൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags