സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സേവനങ്ങൾ മെച്ചപ്പെടുത്തും: മന്ത്രി കെ. മുരളീധരൻ

k muraleedharan

കോഴിക്കോട് :സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള സേവനങ്ങൾ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വി ടി സൂരജ് എംഎൽഎ അധ്യക്ഷത വഹിച്ചു.

കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിലവിലുള്ള മെഡിക്കൽ ഓഫീസർമാർക്ക് പുറമെ രണ്ട് മെഡിക്കൽ ഓഫീസർമാർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ എന്നീ പുതിയ തസ്തികകളും സൃഷ്ടിക്കുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യ രംഗത്തിന്റെ വളർച്ചയ്ക്ക് നാടിന്റെയാകെ സഹകരണം ആവശ്യമാണെന്നും ചികിത്സയും സേവനവും നൽകുമ്പോൾ ആരോഗ്യ പ്രവർത്തകർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റോബോട്ടിക് സർജറി സംവിധാനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഗർഭാശയ ഗള കാൻസർ തടയുന്നതിനുള്ള എച്ച്.പി.വി വാക്സിന്റെ 'ഷീൽഡ്' പ്രചാരണ പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു.

അത്യാധുനിക സൗകര്യങ്ങളോടെയാണ് കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. രണ്ട് ഒ.പി മുറികൾ, റിസപ്ഷൻ ഏരിയ, പ്രീ-ചെക്കിങ് മുറി നഴ്സിങ് സ്റ്റേഷൻ, ഫാർമസി, ലാബ്, പൊതുജന ആരോഗ്യ വിഭാഗം, പ്രതിരോധ കുത്തിവെപ്പ് മുറി, റാമ്പ്, ടോയ്ലറ്റുകൾ, കുടിവെള്ള സൗകര്യം എന്നിവ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

നാഷണൽ ഹെൽത്ത് മിഷന്റെ 1.43 കോടി രൂപയും ആർദ്രം മിഷൻ ഫണ്ടിൽ നിന്നുള്ള 15.50 ലക്ഷം രൂപയും വിനിയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. നവകേരള കർമപദ്ധതി ആർദ്രം മിഷന്റെ ഭാഗമായി ഭൗതിക സൗകര്യങ്ങൾ വർധിപ്പിച്ചും അധിക ജീവനക്കാരെ നിയമിച്ചുമാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്. പുതിയ കേന്ദ്രത്തിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഒ.പി സേവനങ്ങൾ ലഭ്യമാകും.

ചടങ്ങിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ, വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ ടി സരിത കുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി കെ അഫ്സൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

Tags