തടസ്സരഹിതമായി ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. ക‍ൃഷ്ണന്‍കുട്ടി

k krishnakutty
k krishnakutty


പാലക്കാട് : സംസ്ഥാനത്ത് തടസ്സരഹിതമായി ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. ക‍ൃഷ്ണന്‍ കുട്ടി പറഞ്ഞു. ചിറ്റൂർ, വിളയോടിയിലുള്ള 66 കെ.വി സബ്സ്റ്റേഷനും അനുബന്ധ ലൈനും 110 കെ.വി ആയി ഉയർത്തുന്നതിന്റെയും സബ്സ്റ്റേഷന്റെ ശേഷി 20 എം.വി.എയിൽ നിന്ന് 25 എം.വി.എ ആയി ഉയർത്തുന്നതിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 സമൂഹത്തിലെ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കർഷകർക്കും വൈദ്യുതി നിരക്കിൽ ഇളവ് നൽകി വരുന്നതിനോടൊപ്പം പൊതുമേഖലയിൽ കമ്പനിയെ കാര്യക്ഷമമായി നിലനിർത്തി പോരുന്നതിന്റെയും ഭാഗമായാണ് നാമ മാത്രമായ ഇപ്പോഴത്തെ വൈദ്യുതി നിരക്ക് വർദ്ധനയെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തു തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കെ.എസ്.ഇ.ബിക്കെതിരെ അസത്യ പ്രചരണം നടത്തുന്നവർ ഈ സ്ഥാപനത്തെ സ്വകാര്യവൽക്കരണത്തിലേക്ക് തള്ളി വിടാനുള്ള ഗൂഢ ശ്രമങ്ങളാണ് നടത്തി വരുന്നത്.  കേന്ദ്ര വൈദ്യുതി നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ എല്ലാ വൈദ്യുതി കമ്പനികളും എല്ലാ വർഷവും നിരക്ക് പരിഷ്കരിക്കണമെന്ന് റെഗുലേറ്ററി കമ്മീഷനുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നമ്മുടെ സംസ്ഥാനത്തെ ഇപ്പോഴത്തെ നിരക്ക് വർദ്ധന 2024-25 ൽ 16 പൈസയും 2025-26 ൽ 12 പൈസയും 2026-27 ൽ നിരക്ക് വർദ്ധന ഇല്ലാതെയുമാണ് കമ്മിഷൻ ഉത്തരവിട്ടിരിക്കുന്നത്.

എന്നാൽ തൊട്ടടുത്ത കർണാടകയിൽ 2025-26 ൽ 67 പൈസയും 2026-27 ൽ 74 പൈസയും 2027-28 ൽ 91 പൈസയുമാണ് വർദ്ധനയ്ക്ക് ശുപാർശ ചെയ്തിരിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഉൽപാദന രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. 1067.7 മെഗാവാട്ട് അധിക ഉത്പാദനം കൈവരിച്ചു. ഇതില്‍ 979.2 മെഗാവാട്ട് സൗരോർജത്തിൽ നിന്നാണ്. ഇത്തരത്തിൽ പകൽ സമയത്ത് കുറഞ്ഞ ചിലവിൽ അധികമായി ലഭ്യമാകുന്ന സോളാർ വൈദ്യുതിയുടെ ഗുണം പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന വിധത്തിൽ കേരളത്തിലെ ചെറുകിട വ്യവസായങ്ങൾക്ക് പകൽ സമയത്ത് 10 ശതമാനം വൈദ്യുതി ചാർജ്ജിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ നടപടി കേരളത്തിൻ്റെ വ്യവസായ വളർച്ചയ്ക്കും അതിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായകരമാകും. 250 യൂണിറ്റിന് മുകളിൽ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും ഈ 10 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് നിലവിൽ നൽകി വരുന്ന ആനുകൂല്യം ലഭിക്കുന്നതിനുള്ള കണക്‌ടഡ് ലോഡ് പരിധി 1000 വാട്ട്സിൽ നിന്ന് 2000 വാട്ട്സായി ഉയർത്തിയിട്ടുണ്ട്. ഇത്തരത്തിൽ ക്രോസ് സബ്‌സിഡി ഭാഗമായാണ് ഇപ്പോഴത്തെ നിരക്ക് വർദ്ധനയെന്നും മന്ത്രി പറഞ്ഞു.


ചിറ്റൂര്‍ വിളയോടി 110 കെ.വി സബ് സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്റ് റിഷ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു.   കെഎസ്ഇബി ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടർ അഡ്വ വി മുരുകദാസ്, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുജാത എ, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭൻ, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ കൃഷ്ണകുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ കെ.സുരേഷ്, കെ.നാരായണൻകുട്ടി, ആർ.ശശികുമാർ എഞ്ചിനീയർ എ.ആർ രാജശ്രീ, ട്രാൻസിഷൻ ആൻ്റ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ എസ് ശിവദാസ്  എന്നിവർക്കൊപ്പം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
 

Tags