പാല്‍ ഉത്പാദനത്തില്‍ മലബാര്‍ മേഖലയില്‍ വലിയ പുരോഗതി: മന്ത്രി ജെ ചിഞ്ചുറാണി

chinchurani
chinchurani

കോഴിക്കോട് :പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ മലബാറിലെ ക്ഷീരകര്‍ഷകര്‍ പാല്‍ ഒഴുക്കിക്കളയുന്ന അവസ്ഥയായിരുന്നു. എന്നാല്‍ ഇന്ന് പാല്‍ ഉത്പാദനത്തില്‍ ഏറ്റവുമധികം പുരോഗതി കൈവരിച്ച മേഖലയാണ് മലബാര്‍. മില്‍മയിലൂടെ 90 ശതമാനം ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞതായും ജില്ലാ ക്ഷീര സംഗമം മുരിങ്ങംപുറായി ഉദയഗിരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങള്‍ ക്ഷീരോത്പാദന മേഖലയക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. അനിയന്ത്രിതമായി ചൂട് കൂടുന്നതും വെള്ളപ്പൊക്കവും മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കൊടും ചൂടുകാരണം കഴിഞ്ഞ വര്‍ഷം 600 പശുക്കളാണ് സംസ്ഥാനത്ത് ചത്തതെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധികളിലും ക്ഷീരമേഖലയെ അഭിവൃദ്ധിയിലെത്തിക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ എട്ട് കോടി രൂപയുടെ ക്ഷീരകര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കും. കേന്ദ്ര സര്‍ക്കാറുമായി ചേര്‍ന്ന് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ രണ്ടര വര്‍ഷത്തിനകം കേരളത്തിലെ മുഴുവന്‍ കര്‍ഷകരുടെയും പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അധികമായി ലഭിക്കുന്ന പാല്‍ ഉപയോഗിച്ച് മില്‍മയുമായി ചേര്‍ന്ന് 130 കോടി രൂപ ചെലവില്‍ മലപ്പുറത്ത് പാല്‍പ്പൊടി ഫാക്ടറി ആരംഭിക്കും. അന്യരാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പാല്‍പ്പൊടിയും മറ്റ് പാല്‍ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.  

ചടങ്ങില്‍ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, മുക്കം നഗരസഭ അധ്യക്ഷന്‍ പി ടി ബാബു, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഓളിക്കല്‍, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ കെ സുനിത, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി, കെസിഎം എംഎഫ് ഭരണസമിതി അംഗങ്ങളായ പി ശ്രീനിവാസന്‍, കെ കെ അനിത, എംആര്‍സിഎംപിയു ഭരണസമിതി അംഗം പി ടി ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags