തകഴിയിലെ കർഷകന്റെ ആത്മഹത്യ: പിആർഎസ് വായ്പ സിബിൽ സ്‌കോറിനെ ബാധിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആർ.അനിൽ

google news
gr-anil

ആലപ്പുഴ തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകന്റെ സിബിൽ സ്‌കോറിനെ പി.ആർഎസ്. വായ്പ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ.  800ന് മുകളിൽ മികച്ച സിബിൽ സ്‌കോർ മരിച്ച കർഷകനുണ്ടായിരുന്നുവെന്നും മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നെല്ല് സംഭരണത്തിന്റെ എം.എസ്.പി ഇനത്തിൽ 2017-18 വർഷം മുതൽ 2023-24 വരെ 790.82 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടാനുള്ളത്. സപ്ലൈകോ ഓഡിറ്റ് പൂർത്തിയാക്കിയ കണക്ക് നൽകാത്തതുകൊണ്ടാണ് കുടിശ്ശിക തരാത്തതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ 2018-19 വരെയുള്ള സപ്ലൈകോയുടെ ഓഡിറ്റ് പൂർത്തിയായിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഏഴ് വർഷത്തിൽ ഒന്നിൽ പോലും കേന്ദ്ര വിഹിതം പൂർണമായി കിട്ടിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നെല്ല് സംഭരിച്ച വകയിൽ ഈ വർഷം ഓഗസ്റ്റ് 14ന് ലഭിച്ച 34.3 കോടി രൂപയാണ്  ഒടുവിൽ കിട്ടിയ കേന്ദ്ര വിഹിതമെന്നും അദ്ദേഹം പറഞ്ഞു.

ഓഡിറ്റ് പൂർത്തിയായിട്ടില്ലെങ്കിൽ  കേന്ദ്രം തരാനുള്ളതിൽ താങ്ങുവില ഒഴിച്ചുള്ള മറ്റ് ചെറിയ ഇനങ്ങളുടെ അഞ്ച് ശതമാനമാണ് തടഞ്ഞുവയ്ക്കുക. ഇത്  മൊത്തം കേന്ദ്ര വിഹിതത്തിന്റെ ഒരു ശതമാനം മാത്രമാണ്. എന്നാൽ 2017-2018, 2018-2019 വർഷങ്ങളിലേത് ഒഴിവാക്കിയാൽ വലിയ തുകയാണ് കേന്ദ്ര സർക്കാർ തടഞ്ഞുവച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വിഹിതത്തിൽ അധിക റേഷൻ വിതരണം ചെയ്തുവെന്നും വെള്ളകാർഡുകാർക്ക് എഫ്.സി.ഐയിൽ നിന്നും കിലോഗ്രാമിന് എട്ട് രൂപ 30 പൈസയ്ക്കു വാങ്ങുന്ന അരി 10 രൂപ 90 പൈസയ്ക്ക് വിതരണം ചെയ്തുവെന്നുമാണ് തുക തടഞ്ഞുവച്ചിരിക്കുന്നതിന് കാരണമായി കേന്ദ്രം പറയുന്നത്.  കേന്ദ്രം റേഷൻ പരിധിയിൽ പുറത്താക്കിയ 57 ശതമാനം ജനങ്ങൾക്കാണ് നീല, വെള്ള കാർഡുകാരായി തിരിച്ച് കേരളം അരി നൽകുന്നത്.  നീല കാർഡുകാർക്ക് എട്ട് രൂപ 30 പൈസയ്ക്ക് വാങ്ങുന്ന അരി നാല് രൂപയ്ക്കും വെള്ളകാർഡുകാർക്ക് മാർക്കറ്റ് വിലയിലും താഴെ 10 രൂപ 90 പൈസക്കുമാണ് അരി  നൽകുന്നത്. ഈ രണ്ടുകാര്യങ്ങളും ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും കത്തുകളിലൂടെയും നേരിട്ടുകണ്ടും കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.

Tags