ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്നത് വിപ്ലവകരമായ മാറ്റങ്ങൾ : മന്ത്രി ഡോ ആർ ബിന്ദു

r bindu minister

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ഒരു വിജ്ഞാന സമൂഹമായി സംസ്ഥാനത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന തൃദിന ദേശീയ ഗവേഷണ കോൺഫറൻസിന്റെയും എക്‌സ്‌പോയുടെയും ഉദ്ഘാടനം വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

tRootC1469263">

ഗവേഷണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ വലിയ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.  മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, കൈരളി റിസർച്ച് അവാർഡ് എന്നിവ ഇതിന്റെ ഭാഗമാണ്. ഗവേഷകർക്കുള്ള ഫെലോഷിപ്പ് തുക 15,000 രൂപയായി വർദ്ധിപ്പിച്ചു. അഞ്ച് സർവ്വകലാശാലകളിൽ കിഫ്ബി സഹായത്തോടെ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾ സ്ഥാപിക്കും. ഇതിലൂടെ ഗവേഷണ ഫലങ്ങളെ പ്രായോഗിക സാങ്കേതിക വിദ്യകളാക്കി മാറ്റാൻ സാധിക്കും. ക്യാമ്പസുകളിൽ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിലൂടെ പുതിയ സ്റ്റാർട്ടപ്പുകൾക്കും തൊഴിലവസരങ്ങൾക്കും വഴിതുറക്കുമെന്നും മന്ത്രി പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന ഗവേഷണങ്ങൾക്കാണ് കേരളം മുൻഗണന നൽകുന്നത്. കൃഷി, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന പുതിയ കണ്ടെത്തലുകൾ സർവ്വകലാശാലകളിൽ നിന്ന് ഉണ്ടാകണം. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗവേഷണങ്ങൾ ഉപകരിക്കണമെന്നും മന്ത്രി പറഞ്ഞു.

നാല് വർഷ ബിരുദ കോഴ്സുകളിൽ ഗവേഷണം ഒരു പ്രധാന ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശത്തുള്ള വിഷയ വിദഗ്ധരുടെ സേവനം ഗവേഷകർക്ക് ലഭ്യമാക്കാൻ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ ഗവേഷകർക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുവെമ്പു യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ശരത് അനന്തമൂർത്തി, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്‌സൺ പ്രൊഫ. പി എം രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി ഡോ രാജൻ വറുഗീസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി ജയപ്രകാശ്, സർക്കാർ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. വി. ഉമാജ്യോതി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ രജിസ്ട്രാർ ജി എസ് ബീനാറാണി തുടങ്ങിയവർ സന്നിഹിതരായി.

Tags