വയോജനങ്ങളുടെ അന്തസ്സും ക്ഷേമവും ഉറപ്പാക്കും: മന്ത്രി ഡോ. ആർ ബിന്ദു

Minister R Bindu

കേരളത്തിലെ മുതിർന്ന പൗരന്മാരുടെ അന്തസ്സും ക്ഷേമവും സജീവ പങ്കാളിത്തവും ഉറപ്പാക്കുമെന്നും ഇതിനായി വയോജനസൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള പരിഷ്‌കരിച്ച നയം സംസ്ഥാന മന്ത്രിസഭായോഗം അംഗീകരിച്ചതായും സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

tRootC1469263">

'ആരോഗ്യപൂർണ്ണവും സന്തോഷകരവുമായ വാർദ്ധക്യം' (Healthy and Happy Aging) എന്ന ആശയമാണ് നയം മുന്നോട്ട് വയ്ക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ട്, ശയാവലംബികളായ വയോജനങ്ങൾക്ക് വീടുകളിൽ തന്നെ പരിചരണം ഉറപ്പാക്കുന്ന പദ്ധതികൾ വിപുലീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പാലിയേറ്റീവ് സംവിധാനം ശക്തിപ്പെടുത്തും. മറവിരോഗം നേരിടാൻ പഞ്ചായത്തുകളിൽ മെമ്മറി ക്ലിനിക്കുകൾ ആരംഭിക്കും. ജെറിയാട്രിക്‌ (വാർദ്ധക്യകാല ചികിത്സ) രംഗത്ത് കൂടുതൽ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമനടപടികൾ കർശനമാക്കും. മുതിർന്നവർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരിഗണനയിലുണ്ട്. കൂടാതെ, സാമൂഹ്യ ക്ഷേമ പെൻഷനുകളും കുറഞ്ഞ നിരക്കിലുള്ള ഇൻഷുറൻസ് പദ്ധതികളും സാർവ്വത്രികമാക്കും. ബാങ്കിംഗ് ഇടപാടുകൾക്കും മറ്റും സഹായകമാകുന്ന രീതിയിൽ വയോജനങ്ങൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പരിശീലനം നൽകും.

പൊതു ഇടങ്ങൾ, കെട്ടിടങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഗതാഗത സംവിധാനങ്ങൾ എന്നിവ വയോജന സൗഹൃദമാക്കും. ആദിവാസികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡേഴ്‌സ് തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വയോജനങ്ങൾക്ക് പ്രത്യേക പരിഗണന നൽകും. മുതിർന്നവരുടെ അറിവും അനുഭവസമ്പത്തും പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നതിനും, തലമുറകൾ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും. വയോജനങ്ങളെ പരിചരിക്കുന്നവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകുമെന്നും സാമൂഹിക പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags