പ്രിയദർശിനി പദ്ധതി പൊതുഗതാഗത രംഗത്തെ നാഴികക്കല്ല്: മന്ത്രി സി പി ജോൺ

Free travel on KSRTC for women to come into effect from June 15: Transport Minister C.P. John

കേരളത്തിലെ പൊതുഗതാഗത രംഗത്ത് നാഴികക്കല്ലാണ് പ്രിയദർശിനി പദ്ധതിയെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അഭിപ്രായപ്പെട്ടു. തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ 3125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. സൗജന്യ യാത്രയിലൂടെ സ്ത്രീകളുടെ വരുമാനത്തിലും ജീവിതത്തിലും ഗുണപരമായ മാറ്റം ഉണ്ടാകും. കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുകയും വികേന്ദ്രീകരിക്കുകയും ചെയ്യുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചുവരികയാണ്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസുകൾ സ്‌പോൺസർ ചെയ്യുന്നതിനുള്ള മാർഗരേഖ ഉടൻ പ്രഖ്യാപിക്കും.

1938 ഫെബ്രുവരി 20ന് ചിത്തിരതിരുനാൾ മഹാരാജാവ് തിരുവിതാംകൂറിൽ ആദ്യ പൊതുഗതാഗത ബസ് സർവീസ് ആരംഭിച്ചു. ലണ്ടൻ സന്ദർശനത്തിൽ നിന്നുള്ള പ്രചോദനത്തെ തുടർന്നാണ് അന്നത്തെ ബസ് സർവീസ് ആരംഭിച്ചത്. 33 ബസുകളുമായാണ് പൊതുഗതാഗത സംവിധാനം ആരംഭിച്ചത്. ഇന്ന് കെഎസ്ആർടിസിക്ക് 5700 ബസുകളുണ്ടെന്നും ആയിരക്കണക്കിന് സർവീസുകൾ സംസ്ഥാനത്താകെ നടത്തിവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ 93 കെഎസ്ആർടിസി ഡിപ്പോകളിലും ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി സമിതികൾ രൂപീകരിക്കുന്നതിന് മുഖ്യമന്ത്രി അനുമതി നൽകി. കെഎസ്ആർടിസി പൊതുസമൂഹത്തിന്റെ സ്വത്താണെന്നും, ജനങ്ങൾ സ്വന്തം സംവിധാനമെന്ന നിലയിൽ അതിനെ സംരക്ഷിക്കണമെന്നും  മന്ത്രി അഭ്യർഥിച്ചു.

Tags