സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്ക് മുൻഗണന : മന്ത്രി സി പി ജോൺ

Priyadarshini free travel scheme; Women who want to travel by paying money should avoid ordinary transport, says Transport Minister CP John

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ് ആർ ടി സി ആരംഭിച്ച 'പിങ്ക് ബസ്'- ലേഡീസ് ഒൺലി സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി പി ജോൺ നിർവഹിച്ചു. തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകൾക്ക് രാത്രികാല യാത്രയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി രാത്രി എട്ടിനും പത്തിനും പിങ്ക് ബസ് സർവീസുകൾ നടത്തും. വൈകാതെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും യാത്രക്കാരുടെ ആവശ്യങ്ങൾ വിലയിരുത്തി റൂട്ടുകളും സമയക്രമവും ശാസ്ത്രീയമായി നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.

രാത്രി സർവീസുകൾക്ക് പുറമെ പകൽ സമയങ്ങളിലും പിങ്ക് ബസിന്റെ സേവനം ലഭ്യമാക്കും. ട്രെയിനിൽ എത്തുന്ന സ്ത്രീകൾ, ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന അമ്മമാർ, രോഗികൾ തുടങ്ങിയവർക്ക് മെഡിക്കൽ കോളേജിലേക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായാണ് രാവിലെ പിങ്ക് ബസ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

 പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൽ കെ എസ് ആർ ടി സി മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ജനങ്ങൾക്കിടയിൽ ശക്തമായ വിശ്വാസവും സ്വീകാര്യതയും കെ എസ് ആർ ടി സി നേടിയിട്ടുണ്ടെന്നും, ഇത് ജീവനക്കാരുടെ ആത്മവിശ്വാസവും അഭിമാനവും വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സൗജന്യ യാത്രാ പദ്ധതികൾ നടപ്പാക്കുന്നതിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.

കൗൺസിലർ ഹരികുമാർ അധ്യക്ഷനായി. കെ എസ് ആർ ടി സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി എസ് പ്രമോജ് ശങ്കർ സ്വാഗതമാശംസിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, യാത്രക്കാർ എന്നിവർ പങ്കെടുത്തു.
 

Tags