സംസ്ഥാനത്തെ തൊഴിലാളി ക്ഷേമ ബോർഡുകളെ ശാക്തീകരിക്കും: മന്ത്രി ബിന്ദു കൃഷ്ണ

BINDHUKRSHANA

കൊല്ലം :  സംസ്ഥാനത്തെ തൊഴിലാളികളുടെ ക്ഷേമം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വിവിധ ക്ഷേമബോർഡുകളെ ശാസ്ത്രീയമായ പഠനത്തിലൂടെ ശാക്തീകരിക്കുമെന്ന് തൊഴിൽ വകുപ്പ്  മന്ത്രി ബിന്ദു കൃഷ്ണ. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കടപ്പാക്കട സ്‌പോർട്‌സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജസ്റ്റിസ് ഗോപാല ഗൗഡ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച്  ട്രേഡ് യൂണിയനുകളുടെ അഭിപ്രായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.

 മോട്ടർ  തൊഴിലാളികളുടെ  ആവശ്യങ്ങളായ ചരക്കു വാഹനങ്ങളുടെ വാടക നിർണയം, ബസ്-ലോറി തൊഴിലാളികളുടെ ന്യായമായ വേതനം എന്നീ വിഷയങ്ങളിലെ വിജ്ഞാപനം പരിഗണനയിലാണ്. ഓട്ടോറിക്ഷാ തൊഴിലാളികളുടെ ആവശ്യമായ നിരക്ക് വർദ്ധനയിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഗതാഗത വകുപ്പാണ്.  ഇതുമായി ബന്ധപ്പെട്ട് ലഭിച്ച നിവേദനങ്ങൾ ഗതാഗത വകുപ്പ് മന്ത്രിക്ക് കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ മലയാലപ്പുഴ ജ്യോതിഷ് കുമാർ അധ്യക്ഷനായി. മേയർ എ.കെ. ഹഫീസ് തൊഴിലാളികൾക്കുള്ള ധനസഹായ വിതരണം നിർവഹിച്ചു. കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർമാരായ ബി ശിവജി സുദർശൻ, എസ് സാബു, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി ആർ ശങ്കർ, തൊഴിലാളി സംഘടന പ്രതിനിധികളായ ബി തുളസീധരക്കുറുപ്പ്, ടി സി വിജയൻ, ജി ബാബു, താഷ്‌കന്റ് കാട്ടിശ്ശേരി, എം ഡി രവി, എസ് സലീം കുമാർ തുടങ്ങിയവർ പങ്കെടുത്തു.
 

Tags