ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പ്രകൃതിസംരക്ഷണം അവഗണിക്കാനാവില്ല : മന്ത്രി എ കെ ശശീന്ദ്രൻ

 AK Saseendran
 AK Saseendran

കോഴിക്കോട് : ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പ്രകൃതിസംരക്ഷണത്തെ അവഗണിക്കാൻ കഴിയില്ലെന്ന്‌ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി വനം വകുപ്പ് നടപ്പാക്കിയ വിത്തുണ്ടകളുടെ പ്രചാരണ പദ്ധതിയായ വിത്തൂട്ടിന്റെ സംസ്‌ഥാനതല ഉദ്ഘാടനം കാക്കവയൽ വനപർവ്വം ഇക്കോടൂറിസം സെന്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ പുതിയ വനവത്കരണ നയത്തിന്റെ ഭാഗമായി മനുഷ്യ- വന്യജീവി സംഘർഷങ്ങൾ കുറക്കുന്നതിനായി മൃഗങ്ങൾക്കാവശ്യമായ ഭക്ഷണവും ജലവും വനത്തിനുള്ളിൽ തന്നെ ലഭ്യമാക്കുക, അധിനിവേശ സസ്യങ്ങളുടെ ബാഹുല്യം കുറക്കുക, വന്യജീവി ആക്രമണങ്ങളിൽ ആശ്വാസ നടപടികൾ വേഗത്തിലാക്കുക എന്നീ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

tRootC1469263">

വന്യജീവികൾക്ക് വനത്തിനുള്ളിൽ ഭക്ഷണലഭ്യത വർധിപ്പിക്കുക വഴി മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം, പരിസ്ഥിതി പുനഃസ്ഥാപനം, പാരിസ്ഥിതിക സേവനങ്ങളുടെ അളവും ഗുണനിലവാരവും മെച്ചപ്പെടുത്തൽ, പാരിസ്ഥിതിക സന്തുലിതാവസ്ഥ മെച്ചപ്പെടുത്തൽ, കാലാവസ്ഥ വ്യതിയാനത്തിൻ്റെ തോത് കുറക്കൽ തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മണ്ണിൻ്റെയും ജൈവവളത്തിന്റെയും മിശ്രിതത്തിൽ പൊതിഞ്ഞ പ്രാദേശിക സസ്യങ്ങളുടെ വിത്തുകളാണ് വിത്തുണ്ടകളിൽ ഉള്ളത്. സംസ്ഥാനത്തുടനീളമുള്ള ഉൾവനമേഖലകളിൽ പ്രചരണത്തിനായി നാല് ലക്ഷത്തിലധികം വിത്തുണ്ടകൾ തയ്യാറാക്കിയിട്ടുണ്ട്.

പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ആദർശ് ജോസഫ്, ബിന്ദു ജോൺസൻ, അലക്സ്‌ തോമസ് ചെമ്പകശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കെ പി സുനീർ, നടൻ സുധീഷ്, പരിസ്ഥിതി പ്രവർത്തകൻ ജോൺസൻ ഡി മാസ്റ്റർ, നോവലിസ്റ്റ് യു കെ കുമാരൻ, വനമിത്ര അവാർഡ് ജേതാക്കൾ, വിത്തൂട്ട് പദ്ധതി നോഡൽ ഓഫീസർ ഡി കെ വിനോദ് കുമാർ, നോർത്തേൺ സർക്കിൾ സിസിഎഫ് അഞ്ചൽ കുമാർ, സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ കീർത്തി, വനം വകുപ്പ് ഉദ്യോഗസ്‌ഥർ, ഹരിത കർമസേന അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags