വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടി : മന്ത്രി എ കെ ശശീന്ദ്രൻ

safsd

ഇടുക്കി :  ജില്ലയിലെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വനം വകുപ്പ്  മന്ത്രി എ കെ ശശീന്ദ്രൻ.അറിയിച്ചു. അപകടകാരിയായ കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട്  കുമളിയിൽ  ചേർന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . രണ്ട് മാസക്കാലമായി ചിന്നക്കനാൽ, ശാന്തൻപാറ പ്രദേശത്ത് ഭീതി പടർത്തിയ അരികൊമ്പനെ പിടിക്കുന്നതിനുള്ള  പ്രത്യേക സംഘം  ഈ മാസം  16 ന് ജില്ലയിലെത്തും . 26 അംഗ ഉദ്യോഗസ്ഥരും 4 കുങ്കിയാനകളുമടങ്ങിയ ടീമിനെ ഡോ.അരുൺ സക്കറിയ നയിക്കും.  ഇന്ന് ( മാർച്ച് 13 ) കൂട് പണി ആരംഭിച്ച് 4 ദിവസങ്ങൾക്കുള്ളിൽ  പൂർത്തിയാക്കും.അതിന് ശേഷമാകും ആനയെ പിടിക്കാനുള്ള ശ്രമം ആരംഭിക്കുക.  ആ  ദിവസങ്ങളിൽ പ്രദേശത്ത് 144 പ്രഖ്യാപിക്കും. എസ്. എസ്. എൽ. സി, പ്ലസ് 2 പരീക്ഷ  തീയതികൾ ഒഴിവാക്കിയാകും 144 പ്രഖ്യാപിക്കുക . ഫയർ ഫോഴ്സ്, മെഡിക്കൽ ടീം, പോലീസ് എന്നിവരുടെ പ്രത്യേക സാന്നിധ്യം പ്രദേശത്ത്   ഉറപ്പാക്കും. ഡി. എഫ്. ഒ മാരുടെ നേതൃത്വത്തിൽ 8 സ്‌ക്വാഡുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.  അരിക്കൊമ്പനെ വിജയകരമായി പിടികൂടിയാൽ പ്രശ്നക്കാരായ ചക്കകൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാൻമാരുടെ കാര്യത്തിലും ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  

 കുമളി ബാംബൂ ഗ്രോവിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഷീബ ജോർജ് നോഡൽ ഓഫീസർ അരുൺ ആർ. എസ് , ചീഫ് കൺസർവേറ്റർ നീതു ലക്ഷ്മി,  വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share this story