കാസര്‍കോട് ജില്ല സമാനതകളില്ലാത്ത വികസനത്തിന്റെ പാതയിലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട് : കാസര്‍കോട് ജില്ല സമാനതകളില്ലാത്ത വികസനത്തിന്റെ പാതയിലെന്ന് സംസ്ഥാന തുറമുഖം,മ്യൂസിയം, പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിവേചനരഹിതമായ വികസനം എല്ലാവര്‍ക്കും നല്‍കുകയാണ് സര്‍ക്കാര്‍ നയം. ന്യൂനപക്ഷ സംരക്ഷണത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ് കേരളമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് നായന്മാര്‍മൂല ചെങ്കള പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട് നിയോജകമണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കാസര്‍കോട് ജില്ലയില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ നടന്നത്. ലൈഫ് പദ്ധതിയിലൂടെ 14,037 പേര്‍ക്കാണ് വീട് നല്‍കിയത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 85 വിദ്യാലയങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണത്തിലെത്തിയിരിക്കുകയാണ്. എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഇതുവരെ 332,67,20,000 രൂപയുടെ സാമ്പത്തിക സഹായം നല്‍കി. 6,82,70,833 രൂപയുടെ വായ്പ എഴുതി തള്ളി. 22 പ്രധാന റോഡുകള്‍, സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ആയംകടവ് പാലം ഉള്‍പ്പെടെ 14 പാലങ്ങള്‍, മഞ്ചേശ്വരം ഹാര്‍ബര്‍, കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍, പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ്, കെല്‍.എ.എം.എല്‍, ഉദുമ സ്പിന്നിങ് മില്‍, ടി.എസ് തിരുമുമ്പ് സാംസ്‌ക്കാരിക സമുച്ചയം, മഞ്ചേശ്വരം ലോ കോളേജ്, തുളു അക്കാദമി, പൈവളിഗെയിലും അമ്പലത്തറയിലും സോളാര്‍ പാടങ്ങൾ തുടങ്ങി നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല സാക്ഷ്യം വഹിച്ചതായും മന്ത്രി പറഞ്ഞു. വികസനത്തിന്റെ വേഗം കൂട്ടാന്‍ ജില്ലയ്‌ക്കൊപ്പം കാസര്‍കോട് വികസന പാക്കേജ് നടപ്പാക്കി വരികയാണ്. ജില്ലയുടെ വ്യവസായ നിക്ഷേപരംഗത്ത് മുന്‍പെങ്ങുമില്ലാത്ത വിധം വന്‍ കുതിപ്പാണ് കൈവരിച്ചിരിക്കുന്നത്. ജില്ലയില്‍ 6644 സംരംഭങ്ങളിലൂടെ 483.05 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 15498 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ചേര്‍ന്ന് നടത്തിയ റൈസിംഗ് കാസര്‍കോട് നിക്ഷേപപക സംഗമത്തിലൂടെ 150 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ വികസനം തടഞ്ഞു നിര്‍ത്താന്‍ ആരു ശ്രമിച്ചാലും അത് അനുവദിക്കില്ലെന്ന് സംസ്ഥാന ആരോഗ്യ വനിതാ ശിശു വികസന വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോട് നേരിട്ട് സംവദിക്കുന്നതിനായി ആരംഭിച്ച നവകേരള സദസ്സ് പലരെയും അസ്വസ്ഥരാക്കുന്നു. സദസ്സിനെതിരെ പല കുപ്രചരണങ്ങളും നടന്നെങ്കിലും അതെല്ലാം പൊളിഞ്ഞു പോയി. കാസര്‍കോട് ജില്ലയെ ആരോഗ്യ രംഗത്ത് മുന്നോട്ടു കൊണ്ടു വരാന്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ജില്ലയില്‍ അമ്മയും കുഞ്ഞും ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. മെഡിക്കല്‍ കോളേജില്‍ നെഫ്രോളജി, ന്യൂറോളജി, റൂമോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി, മറ്റ് സ്‌പെഷ്യാലിറ്റി ഒ.പി സൗകര്യങ്ങൾ ഏര്‍പ്പെടുത്തി. ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് സൗകര്യം, ജില്ലാ ആശുപത്രിയില്‍ ലക്ഷ്യ നിലവാരത്തില്‍ ലേബര്‍ ബ്ലോക്ക്, സി.എച്ച്.സികളില്‍ ഡയാലിസിസ് സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം നടപ്പാക്കി. കേന്ദ്രസര്‍ക്കാര്‍ സഹകരിക്കാത്തതു മുലം ഫെഡറല്‍ സംവിധാനത്തില്‍ കേരളം ഒറ്റയ്ക്ക് മുന്നോട്ടു പോവേണ്ട അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു.
എണ്ണിയാല്‍ തീരാത്ത നേട്ടങ്ങളുടെ കണക്കു പുസ്തകമാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നമുക്ക് മുന്നിൽ തുറന്നു വെച്ചതെന്ന് സംസ്ഥാന റവന്യൂ വകുപ്പു മന്ത്രി കെ. രാജന്‍ പറഞ്ഞു. സമസ്ത മേഖലകളിലും വികസനം തീര്‍ത്ത ജനകീയ സര്‍ക്കാറാണ് നവ കേരള സദസ്സുമായി പൊതുജനങ്ങളെ തേടി മണ്ഡലങ്ങളിലെത്തുന്നത്. കഴിഞ്ഞ ഏഴര വര്‍ഷത്തോളമായി കേരള ജനതയെ ഒരു ദുരന്തത്തിനും വിട്ടുകൊടുക്കാതെ പുതിയ കാലത്തിനായി തയ്യാറെടുപ്പിച്ച് മുന്നോട്ടു പോവുകയാണ് സംസ്ഥാന സര്‍ക്കാര്‍. എല്ലാ മേഖലയിലും വികസനം എന്നതാണ് സര്‍ക്കാര്‍ നയം. സംസ്ഥാന വികസനത്തിന് തടയിടാന്‍ പല മാര്‍ഗങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോഴും കേരളം മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.