മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവനപദ്ധതി; ധനസഹായം വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി അബ്ദുൾ ഗഫൂർ
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കായി നിലവിലെ ഭവനപദ്ധതികൾ ഏകോപിപ്പിച്ചുകൊണ്ട് സമഗ്രമായ പ്രത്യേക ഭവനപദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ. വീട് നിർമ്മാണത്തിന് നിലവിൽ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന പരാതികൾ പരിഗണിച്ച് ധനസഹായം വർധിപ്പിക്കുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
ലൈഫ് ഭവന പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികൾക്ക് യഥാസമയം വീടുകൾ ലഭിക്കുന്നില്ലെന്ന വ്യാപക പരാതി ചൂണ്ടിക്കാട്ടി പാറക്കൽ അബ്ദുള്ള ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.മത്സ്യത്തൊഴിലാളികളുടെ ഭവനപ്രതിസന്ധി പരിഹരിക്കാൻ പുനർഗേഹം ഉൾപ്പെടെയുള്ള നിലവിലെ പദ്ധതികളെല്ലാം ഒരുമിച്ച് ചേർത്ത് ഒറ്റ പദ്ധതിയാക്കി മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിലൂടെ അർഹരായ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും കാലതാമസമില്ലാതെ സുരക്ഷിതമായ ഭവനങ്ങൾ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
തീരദേശവാസികളുടെ പുനരധിവാസത്തിനായുള്ള പുനർഗേഹം പദ്ധതിയുടെ തുകയിൽ വെട്ടിക്കുറവ് വരുത്തിയിട്ടില്ലെന്നും വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മത്സ്യോത്പ്പാദനം നിലവിലുള്ളതിനേക്കാൾ ഇരട്ടിയാക്കും. ഇതിന്റെ ഭാഗമായി ഉൾനാടൻ മത്സ്യമേഖലയിലടക്കം ഉൽപ്പാദനം വർധിപ്പിക്കുന്നതിനായുള്ള പുതിയ പദ്ധതികൾ ഉടൻ നടപ്പിലാക്കും. കേന്ദ്രാവിഷ്കൃത പദ്ധതികൾ കൂടി പ്രയോജനപ്പെടുത്തി 'ബ്ലൂ എക്കോണമി' പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ മത്സ്യോൽപ്പാദനം കൂട്ടുക. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി സബ് പ്ലാനിൽ ഉൾപ്പെടുത്തി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
നിലവിലുള്ള ഹാർബറുകളിൽ ടൂറിസം പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുമോ എന്നത് സർക്കാർ പരിശോധിക്കും. വെട്ടം പഞ്ചായത്തിനെ ഇന്റഗ്രേറ്റഡ് മോഡൽ വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്നും ടി.എം ശശി, ഫൈസൽ ബാബു, വി മുരളീധരൻ, കുറുക്കോളി മൊയ്തീൻ, സി വി ശാന്തകുമാർ, പി.കെ നവാസ് തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി അറിയിച്ചു.
.jpg)


