ഭരണഘടനാ അവകാശം പൂര്‍ണ്ണമാകാന്‍ നിയമ പരിഷ്‌കരണം നടത്തണം: മന്ത്രി എ. കെ ശശീന്ദ്രന്‍


വയനാട് : ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്ന സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം പൂര്‍ണ്ണമാകാന്‍ കാലപ്പഴക്കം വന്ന നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. 76-മത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യ- വന്യജീവി സംഘര്‍ഷത്തില്‍ ജീവനുകള്‍ നഷ്ടപ്പെടുന്നതില്‍ ശ്വാശത പരിഹാരം കണ്ടെത്താന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തേണ്ട താവശ്യമാണ്. സ്വതന്ത്ര രാഷ്ട്രമായി ഇന്ത്യ മാറിയതിന്റെ അഭിമാനകരമായ ഓര്‍മ്മപ്പെടുത്തലാണ് റിപ്പബ്ലിക് ദിനാഘോഷ വാര്‍ഷികത്തിലൂടെ ആഘോഷിക്കുന്നത്.
ധീര ദേശാഭിമാനികളുടെ ത്യാഗോജ്ജ്വലമായ സഹന സമരത്തിന്റെയും പോരാട്ടത്തിന്റെയും ഫലമാണ് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. യുവ തലമുറയ്ക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രം പകര്‍ന്നു നല്‍കേണ്ടത് നമ്മുടെ കടമയും സ്വാതന്ത്ര്യ സമര ചരിത്രം ഏക്കാലവും അഭിമാനത്തോടെ ഓര്‍ക്കപ്പെടേണ്ടതുമാണ്. ലോകത്തിന് മുന്നില്‍ ഇന്ത്യ ഉയര്‍ന്ന് നില്‍ക്കുന്നത് ഐക്യത്തോടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. പൗരന് ഭാഷ, ഭക്ഷണം, വസ്ത്രധാരണം തുടങ്ങിയ സ്വത്വത്തിലധിഷ്ഠിതമായ കാര്യങ്ങള്‍ക്ക് പോരാട്ടം നടത്തേണ്ട സാഹചര്യമാണ്. നാം നേടിയെടുത്ത നേട്ടങ്ങള്‍ നിലനിര്‍ത്താനും രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പോരാടി രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഊര്‍ജ്ജം നല്‍കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്ന് പ്രതിജ്ഞ ചെയ്യണം. രാജ്യത്തിന് മാതൃകയാവും വിധമുള്ള പ്രവര്‍ത്തനങ്ങളാണ് കേരളം മുന്നോട്ടുവെക്കുന്നത്. ജാതി-മത സംഘര്‍ഷങ്ങളില്ലാത്ത കേരളം വിവിധ രാജ്യങ്ങളുടെ സ്വപ്നഭൂമി കൂടിയാണ്. ജില്ല നേരിട്ട ഉരുള്‍ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാറെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വലിയ മേഖല വനവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ വന്യജീവി ആക്രമണങ്ങളും ഇടപെടലും കൂടുതലാണ്. മനുഷ്യ- വന്യജീവി സംഘര്‍ഷം രൂക്ഷമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ യുവതി മരണപ്പെട്ട സംഭവം വളരെ വേദനാജനകമാണെന്ന് മന്ത്രി പറഞ്ഞു. കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് അവയെ ഉന്മൂലനം ചെയ്യാന്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക് അധികാരം നല്‍കിയത്. മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കയില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ബഫര്‍സോണ്‍ വിഷയത്തില്‍ അനുകൂലമായ വിധി സമ്പാദിച്ചത് വകുപ്പിന് ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയാണ്. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ പനമരം പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ എ അഷറഫ് പരേഡ് കമാണ്ടറും ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് റിസര്‍വ്വ് സബ് ഇന്‍സ്‌പെക്ടര്‍ എം.സി സോമന്‍ സെക്കന്റ് കമാണ്ടറുമായി നേതൃത്വം നല്‍കി. 26 പ്ലാറ്റൂണുകളാണ് പരേഡില്‍ പങ്കെടുത്തത്.

പരേഡ് പരേഡില്‍ സേനാ വിഭാഗത്തില്‍ വനം വകുപ്പ് ഒന്നാം സ്ഥാനവും എന്‍.സി.സി വിഭാഗത്തില്‍ നിര്‍മ്മല എച്ച്.എസ് തരിയോട് ഒന്നാം സ്ഥാനം, സ്റ്റുഡന്റ് പേലിസ് കേഡറ്റ് വിഭാഗത്തില്‍ കണിയാമ്പറ്റ ജി.എം.ആര്‍.എസിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് മന്ത്രി ട്രോഫി വിതരണം ചെയ്തു. തൃക്കൈപ്പറ്റ ഗവ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഗോത്രനൃത്തം, സുല്‍ത്താന്‍ ബത്തേരി അസംഷന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനം, കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോം വിദ്യാര്‍ത്ഥികളുടെ യോഗ ഡാന്‍സ്, തിരുനെല്ലി ബഡ്സ് പാരഡൈസ് സ്പെഷല്‍ സ്‌കൂള്‍, തോണിച്ചാന്‍ എമ്മാവൂസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ് മേളം, അങ്കണവാടി കുരുന്നുകളുടെ ഡാന്‍സ് എന്നിവയും അരങ്ങേറി. പരിപാടിയില്‍ ടി.സിദ്ധിഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ ടി.ജെ ഐസക്ക്, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, എ.ഡി.എം കെ ദേവകി, ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.