പ്രതികളുമായിപോയ പോലീസ് ബസ് മിനി ലോറിയില്‍ ഇടിച്ചു

google news
accident

തൃശൂര്‍: കുന്നംകുളം പാറേമ്പാടത്ത് കാപ്പ കേസുകളിലെ പ്രതികളുമായി പോയിരുന്ന പോലീസ് ബസ് മിനി ലോറിയില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് അപകടമുണ്ടായത്.  തൃശൂര്‍ സെന്‍ട്രല്‍ ജയിലില്‍  നിന്നും കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത വിവിധ ക്രിമിനല്‍ കേസുകളിലെ 15 പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോയിരുന്ന പോലീസ് ബസാണ് അപകടത്തില്‍പ്പെട്ടത്. 

കുന്നംകുളത്ത് നിന്നും കൂറ്റനാട് പോവുകയായിരുന്ന മിനിലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ പുറകില്‍ വന്നിരുന്ന പോലീസ് ബസ് ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.  ഇടിയുടെ ആഘാതത്തില്‍ മിനി ലോറി സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. പറമ്പാടം സ്വദേശി ജോബിയുടെ കടയിലേക്കാണ് മിനി ലോറി ഇടിച്ചു കയറിയത്. അപകട സമയത്ത് ഉടമ ജോബിയും പ്രദേശവാസിയും കടയിലുണ്ടായിരുന്നു. മിനിലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു വരുന്നത് കണ്ട് ഇരുവരും ഓടി രക്ഷപ്പെട്ടു. തലനാരിഴക്കാണ് ഇരുവരും രക്ഷപ്പെട്ടത്.

 അപകടത്തില്‍ കടയുടെ മുന്‍ ഭാഗവും കടയിലുണ്ടായിരുന്ന സാധനങ്ങളും പൂര്‍ണ്ണമായി തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് കുന്നംകുളം പാറേമ്പാടത്ത് ഏറെനേരം ഗതാഗതം തടസപ്പെട്ടു. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം ഭാഗികമായി തകര്‍ന്നു.  

Tags