മിനി കൂപ്പര്‍ അപകടം: ഇഡിആര്‍ ജര്‍മനിയിലേക്കയക്കും
അപകടസമയത്തെ വാഹനത്തിന്റെ വേഗത ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ കൃത്യമായി വീണ്ടെടുക്കുന്നതിനാണ് ഈ നടപടി.
നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി പോലീസ്. അപകടത്തില്‍പ്പെട്ട മിനി കൂപ്പര്‍ വാഹനത്തിന്റെ ഇ.ഡി.ആര്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി ജര്‍മനിയിലേക്ക് അയക്കും. അപകടസമയത്തെ വാഹനത്തിന്റെ വേഗത ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ കൃത്യമായി വീണ്ടെടുക്കുന്നതിനാണ് ഈ നടപടി.
അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കേസിലെ പ്രധാന പ്രതി സുഹൈല്‍ സജീവും മറ്റ് പ്രതികളും ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ആര്‍.സി ഉടമയും സുഹൈലിന്റെ അമ്മയുമായ നൂഹ സജീവ് മൊഴിയെടുപ്പിനായി ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകും.
കേസില്‍ സുഹൈല്‍ വാഹനം ഓടിക്കുന്നതടക്കമുള്ള കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ അപകടത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക കുടക് സ്വദേശി ഇജാസ് എന്നിവരുടെ വീടുകളിലെത്തി ബന്ധുക്കളുടെ മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചു.
.jpg)


