മിനി കൂപ്പര്‍ അപകടം; പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും ; പണവും സ്വാധീനവുമുള്ള പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ തള്ളി പൊലീസ്

accident

സുഹൈലിനെതിരെ എക്‌സൈസും കേസെടുത്തിട്ടുണ്ട്.

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പ്രതിയെ സംരക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് നടപടി. സുഹൈലിനെതിരെ എക്‌സൈസും കേസെടുത്തിട്ടുണ്ട്. പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും നടപടി തുടങ്ങി. അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

മൂന്ന് പേര്‍ ദാരുണമായി കൊല്ലപ്പെട്ട മിനി കൂപ്പര്‍ അപടകത്തില്‍ പണവും സ്വാധീനവുമുള്ള പ്രതി സുഹൈല്‍ സജീവിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് തുടക്കം മുതല്‍ നടക്കുന്നതെന്നാണ് പൊലീസിനെതിരെയുള്ള മരിച്ചവരുടെ കുടുംബാഗങ്ങളുടെ ആരോപണം. കുടുബത്തിന് പിന്നാലെ സിപിഎമ്മും പൊലീസിനെതിരെ ആരോപണം കടുപ്പിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ആക്ഷേപങ്ങളെല്ലാം തള്ളുകയാണ് പൊലീസ്. പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

എഫ്‌ഐആര്‍ എന്നത് പ്രാഥമിക രേഖമാത്രമാണ്. തുടര്‍ അന്വേഷണത്തിലാണ് സുഹൈല്‍ സജീവിന്റെ പേര് പ്രതി സ്ഥാനത്ത് ചേര്‍ത്തതെന്നും മദ്യപിച്ചെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതിനുശേഷം നടപടിയുണ്ടായിയെന്നും പൊലീസ് അറിയിച്ചു. എല്ലാം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദമായുണ്ട്. 18 നും 21 നും ഇടയില്‍ പ്രായമുള്ള പ്രതിയെ കോടതിയാണ് നിയമ പ്രകാരം ബോസ്റ്റല്‍ സ്‌കൂളിലേക്ക് റിമാന്‍ഡ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

Tags