'മൂന്നാളും നാടിന്റെ പൊന്നോമനകൾ , ആരാണ് മുഖ്യൻ? '; രാഷ്ട്രീയ ചർച്ചയെ പരസ്യമായി മാറ്റി മിൽമ
കൊല്ലം: മുഖ്യമന്ത്രിച്ചർച്ച നീളുമ്പോൾ ട്രോളുമായി മിൽമയും. മൂന്ന് മിൽമ ഉത്പന്നങ്ങളിൽ 'ആരാണ് മുഖ്യൻ, മൂന്നാളും നാടിന്റെ പൊന്നോമനകൾ' എന്ന വാചകവുമായാണ് സാമൂഹികമാധ്യമങ്ങളിൽ മിൽമയുടെ കാർഡുകൾ പ്രചരിക്കുന്നത്.
മിൽമയുടെ ലസി, ഫ്‌ളേവേഡ് മിൽക്ക് ഉത്പന്നങ്ങളായ പിസ്ത ജോയ്, പ്ലസ് റോസ് എന്നിവ ഉൾപ്പെടുത്തിയുള്ളതാണ് 'മൂന്നിലാര് മുഖ്യൻ' പരസ്യം. പരസ്യവാചകവും കസേരയും ഉൾപ്പെടെയുള്ള കാർഡ് മിൽമയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ കഴിഞ്ഞദിവസമാണ് പോസ്റ്റുചെയ്തത്. 'ഇതിൽ നിങ്ങൾ ആർക്കൊപ്പം' എന്നും എഴുതിയിട്ടുണ്ട്.
മലബാർ മിൽമയുടെ ഔദ്യോഗിക പേജിലാണ് 'മൂന്നാളും നാടിന്റെ പൊന്നോമനകൾ' എന്ന പരസ്യം നൽകിയിരിക്കുന്നത്. മിൽമയുടെ പ്രൈം, ലോങ്ലൈഫ്, റിച്ച് എന്നീ മൂന്ന് പാൽ പായ്ക്കറ്റുകളുടെ പരസ്യമാണിത്. 'ഞങ്ങൾ തമ്മിൽ മത്സരമില്ല, മൂന്നാളും നാടിന് ഒരുപോലെ വേണ്ടപ്പെട്ടവർ' -എന്നും പരസ്യത്തിലുണ്ട്. മിൽമയുടെ സോഷ്യൽ മീഡിയ കാർഡുകൾ വൻതോതിലാണ് ഷെയർചെയ്യപ്പെട്ടിരിക്കുന്നത്.
ഓരോ ഉത്പന്നവും ഏതൊക്കെ നേതാക്കളെയാണ് പ്രതിനിധീകരിക്കുന്നത്, മിൽമ എഫ്.ബി. പേജിന്റെ മുൻ അഡ്മിന്മാരെ ഡൽഹിക്കു വിളിപ്പിച്ചു, ഇവിടെ കേരളത്തിൽനിന്നുള്ള പാലു മാത്രം മതി... ഇങ്ങനെ പോകുന്നു കമന്റുകൾ. മിൽമയ്ക്കു പുറമേ വിവിധ റസ്റ്ററന്റുകൾ, ബേക്കറികൾ, മറ്റു സ്ഥാപനങ്ങൾ തുടങ്ങിയവയും കോൺഗ്രസിലെ മുഖ്യമന്ത്രിച്ചർച്ച പ്രമേയമാക്കി തങ്ങളുടെ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.
.jpg)

