മിൽമ പാൽ വില വർദ്ധിപ്പിച്ച തീരുമാനം സംസ്ഥാന സർക്കാർ ഉടൻ പിൻവലിക്കണം ; രാജീവ് ചന്ദ്രശേഖർ എം.എൽ.എ

rajeev chandrasekhar

തിരുവനന്തപുരം: മിൽമ പാൽ വില വർദ്ധിപ്പിച്ച തീരുമാനം സംസ്ഥാന സർക്കാർ ഉടൻ പിൻവലിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേമം എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണക്കാരുടെ മേൽ വിലക്കയറ്റം അടിച്ചേൽപ്പിക്കുന്ന കോൺഗ്രസ് സർക്കാരിന്റെ ശൈലി അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുന്ന കേരളത്തിൽ, പാലിന്റെ വില വീണ്ടും കൂട്ടുന്നത് സാധാരണക്കാരായ കുടുംബങ്ങളുടെ ബജറ്റ് പൂർണ്ണമായും തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷീരകർഷകർക്ക് ന്യായമായ വില ലഭിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അതിന്റെ ഭാരം മുഴുവൻ സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിൽ കെട്ടിവെക്കുന്നത് ശരിയല്ല. മുൻപ് ഭരിച്ച എൽ.ഡി.എഫ് സർക്കാരും ഇതേ ശൈലിയാണ് പിന്തുടർന്നത്. സർക്കാരിന്റെ വീഴ്ചകൾ കാരണം മലയാളി കുടുംബങ്ങൾ ബുദ്ധിമുട്ടുമ്പോൾ വെറും കാഴ്ചക്കാരായി നോക്കിനിൽക്കാൻ ബി.ജെ.പിയും എൻ.ഡി.എയും തയ്യാറല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിലവർദ്ധനവ് ഉടൻ പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സർക്കാരിനെക്കൊണ്ട് ഇതിന് മറുപടി പറയിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഉത്പാദനച്ചെലവ് കുറച്ചുകൊണ്ട് കർഷകരെയും ഉപഭോക്താക്കളെയും ഒരേപോലെ സംരക്ഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണം. ഒന്നിനു പുറകെ ഒന്നായി അടിച്ചേൽപ്പിക്കുന്ന വിലക്കയറ്റമല്ല, മലയാളികൾക്ക് ഇപ്പോൾ വേണ്ടത് ആശ്വാസ നടപടികളാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.

Tags