പാൽ വില കൂടുമോ ? മില്‍മ ചെയര്‍മാന്‍ മന്ത്രി ജെ ചിഞ്ചു റാണിയെ ഇന്ന് വീണ്ടും കാണും

Will milk prices increase? Milma Chairman to meet Minister J Chinju Rani again today

തിരുവനന്തപുരം: പാൽ വില ലിറ്ററിന് നാലുരൂപ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയ്ക്ക് അംഗീകാരം തേടി മില്‍മ ചെയര്‍മാന്‍ കെഎസ് മണി മന്ത്രി ജെ ചിഞ്ചു റാണിയെ ഇന്ന് വീണ്ടും കാണും. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചാല്‍ ഉടന്‍ പാല്‍വില കൂട്ടണമെന്നാണ്  മില്‍മ ആവശ്യപ്പെടുന്നത്.  മെയ് ആറ് വരെയാണ് പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളത്.നിലപാട് ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍മുതല്‍ പാല്‍വില വര്‍ധന മില്‍മ ആവശ്യപ്പെടുന്നുണ്ട്. അന്ന് തദ്ദേശതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നീട്ടിവച്ച തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടി മൂലം വീണ്ടും നീട്ടുകയായിരുന്നു.

പിന്നാലെ നിയമസഭാ തെരഞ്ഞടുപ്പ് വന്നതോടെ തിരിച്ചടി ഉണ്ടാകുമെന്ന് കരുതി മില്‍മയുടെ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന് മില്‍മ ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനുകൂലനിലപാട് എടുക്കാന്‍ തയ്യാറായില്ല.

Tags