ശാന്തൻപാറയിൽ മധ്യവയസ്‌ക കൊല്ലപ്പെട്ട നിലയിൽ; തല വേർപെട്ട മൃതദേഹം വീടിന് സമീപത്ത്
ഇടുക്കി: ശാന്തൻപാറ ചേരിയാർ സ്വദേശിയായ റാണി (55) എന്ന മധ്യവയസ്‌കയെ വീടിന് സമീപം അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശരീരത്തിൽ നിന്ന് തല വേർപെട്ട നിലയിലും ഒരു കൈയുടെ മുട്ടിന് താഴെ ഭാഗത്ത് ദശയില്ലാത്ത നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ചേരിയാറിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന റാണിയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ അയൽവാസിയാണ് ആദ്യം കണ്ടത്. വീടിന് സമീപത്തുനിന്ന് ചോരപ്പാടുകളും റാണിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പകൽ നാട്ടുകാർ റാണിയെ ചേരിയാർ കവലയിൽ വെച്ച് കണ്ടിരുന്നു. തുടർന്ന് ഇവർ തിരികെ വീട്ടിലെത്തിയ ശേഷമോ രാത്രിയിലോ ആകാം കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇടുക്കി എസ്.പിയുടെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് സമീപത്ത് താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
.jpg)

