സംസ്ഥാനത്ത് മധ്യവേനലവധി ക്ലാസുകൾക്ക് കർശന വിലക്ക്

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് സ്കൂൾ ക്ലാസുകൾ കർശനമായി വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും വിലക്ക് ബാധകമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമാണ്. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ ഓഫിസർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.
മധ്യവേനലവധിക്ക് ക്ലാസ് നടത്തുന്നതുവഴി ക്ലാസിലോ യാത്രക്കിടയിലോ കുട്ടികൾക്ക് വേനൽച്ചൂട് മൂലം സംഭവിക്കുന്ന അത്യാഹിതങ്ങൾക്ക് സ്കൂൾ അധികാരികൾ, പ്രധാനാധ്യാപകർ, അധ്യാപകർ എന്നിവർ വ്യക്തിപരമായി ഉത്തരവാദികളായിരിക്കും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഓഫിസർമാർക്കും നിർദേശമുണ്ട്.
വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ മറ്റ് ഉത്തരവുകൾ പുറപ്പെടുവിക്കാത്തപക്ഷം സ്കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തിൽ അടക്കേണ്ടതും ജൂണിലെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കേണ്ടതുമാണ്.