മൈക്രോ ഫിനാൻസ് കേസ് ; അന്വേഷണം വൈകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം വൈകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തി. കേസിൽ ഇതുവരെ കാര്യമായ നടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിയുടെ പേര് നോക്കിയാൽ തന്നെ നാട്ടുകാർക്ക് മനസ്സിലാകുമെന്ന് ജസ്റ്റിസ് ബദറുദ്ദീൻ അദ്ധ്യക്ഷനായ ബെഞ്ച് പരിഹസിച്ചു. വിജിലൻസ് അന്വേഷണത്തിലെ കാലതാമസത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശം.
അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് കർശന നിർദേശം നൽകിയ കോടതി, കേസിന്റെ അന്തിമ റിപ്പോർട്ട് ജൂൺ 20-ാം തീയതിയോ അതിനു മുൻപോ ആയി സമർപ്പിക്കണമെന്ന് ഉത്തരവിട്ടു. മുൻപും സമാനമായ രീതിയിൽ അന്വേഷണത്തിലെ മന്ദതയെക്കുറിച്ച് കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് സംഘം വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016-ൽ വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ കേസിൽ അന്വേഷണം ആരംഭിച്ചത്.
പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതികൾ ആവിഷ്കരിച്ച് എസ്എൻഡിപി കോടിക്കണക്കിന് രൂപ വായ്പയെടുത്തതിൽ അഴിമതി നടന്നെന്നാണ് ആരോപണം. സാമ്പത്തിക തിരിമറിയും ഗൂഢാലോചനയും വഴി ഏകദേശം 15 കോടി രൂപ തട്ടിയെടുത്തുവെന്നാണ് വി.എസ്. അച്യുതാനന്ദൻ ആരോപിക്കുന്നത്.
.jpg)

