എംജി സർവകലാശാലയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ല, മുൻകൂർ അനുമതിയോടെ പ്രവേശിക്കാം : വൈസ് ചാൻസലർ
എംജി സർവകലാശാലയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും സന്ദർശക പ്രവേശനം സുതാര്യമാക്കുക മാത്രമാണ് ലക്ഷ്യമെന്നും വൈസ് ചാൻസലർ ഡി. മാവൂത് വ്യക്തമാക്കി. സർവകലാശാലയിൽ വാർത്തകൾ ശേഖരിക്കുന്നതിന് മാധ്യമപ്രവർത്തകർക്ക് യാതൊരു തടസ്സവുമില്ലെന്നും, പബ്ലിക് റിലേഷൻസ് ഓഫീസറെ (പിആർഒ) മുൻകൂട്ടി അറിയിച്ചുകൊണ്ട് ക്യാമ്പസിലേക്ക് പ്രവേശിക്കാമെന്നും അദ്ദേഹം അറിയിച്ചു. മാധ്യമങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും പിആർഒ ഓഫീസിന്റെ ഭാഗത്തുനിന്ന് ലഭ്യമാക്കുമെന്നും വിസി കൂട്ടിച്ചേർത്തു.
അതേസമയം, മാധ്യമ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും മാധ്യമ സ്വാതന്ത്ര്യം പൂർണ്ണമായി സംരക്ഷിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ആവശ്യപ്പെട്ടു. സർവ്വകലാശാലകളിൽ യാതൊരുവിധ ഏകാധിപത്യ നടപടികളും അനുവദിക്കില്ലെന്നും, ജനാധിപത്യവിരുദ്ധമായ ഇത്തരം പ്രവണതകളെ ശക്തമായി എതിർക്കുമെന്നും മന്ത്രി റോജി എം ജോൺ വ്യക്തമാക്കുകയും ചെയ്തു.
.jpg)

