മെസി വിവാദം; കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം നവീകരണത്തില്‍ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തല്‍
കൊച്ചി: മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി നടത്തിയ കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം നവീകരണത്തില്‍ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തല്‍. ഏകദേശം 60 കോടി രൂപ പെരുപ്പിച്ചു കാണിച്ചതായി ജിസിഡിഎയുടെ ആഭ്യന്തര റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം നവീകരണത്തിന്റെ പ്രാഥമിക ചെലവ് 8.44 കോടി രൂപ മാത്രമാണ്. എന്നാല്‍ മത്സരത്തിന്റെ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ 70 കോടി രൂപ ചെലവഴിച്ചതായാണ് അവകാശപ്പെടുന്നത്.
ആഭ്യന്തര റിപ്പോര്‍ട്ട് അനുസരിച്ച്, ജിസിഡിഎ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സ്‌റ്റേഡിയം നവീകരണത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ നടത്തി. നിര്‍മ്മാണ സാമഗ്രികളുടെയും വിവിധ ജോലികളുടെയും വിപണി നിരക്ക് അടിസ്ഥാനമാക്കി ചെലവ് കണക്കാക്കി. റിപ്പോര്‍ട്ട് പ്രകാരം അതിര്‍ത്തി മതില്‍ നിര്‍മ്മാണത്തിന് 1.19 കോടി രൂപ, പാര്‍ക്കിങ് ഗ്രൗണ്ട് വികസനത്തിന് 1.66 കോടി, ഗാലറിയില്‍ കസേരകള്‍ സ്ഥാപിക്കുന്നതിന് 2.22 കോടി രൂപയുമാണ് ചെലവ് കണക്കാക്കിയത്.
പെയിന്റിങ്, പ്രവേശനകവാടം നവീകരിക്കല്‍, ശുചിമുറി നവീകരണം, ഇലക്ട്രിക്കല്‍ ജോലികള്‍ എന്നിവയ്ക്ക് 1.36 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്കായി ഏകദേശം 2 കോടി രൂപയും ചെലവഴിച്ചു. പത്ത് ശതമാനം ലാഭം കണക്കാക്കിയാല്‍ പോലും യഥാര്‍ത്ഥ ചെലവ് 10 കോടി രൂപയില്‍ എത്തില്ലെന്ന് ജിസിഡിഎ വൃത്തങ്ങള്‍ അറിയിച്ചു. നവീകരണ വേളയില്‍ 15,000 ഫിക്‌സഡ് സീറ്റുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയെന്നും സ്‌റ്റേഡിയം ജിസിഡിഎക്ക് തിരികെ കൈമാറിയപ്പോള്‍ സ്‌പോണ്‍സര്‍ ഇവ മാറ്റേണ്ടതായിരുന്നു എന്ന് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
.jpg)


