80 പവൻ സ്വർണവും കാറും സ്ത്രീധനമായി നൽകി, അഫ്സലും കുടുംബവും മകളെ മാനസികമായി ഉപദ്രവിച്ചിരുന്നു ; സായയുടെ മാതാപിതാക്കൾ

Afsal and his family had mentally harassed their daughter, despite being given 80 sovereigns of gold and a car as dowry, say Saya’s parents.

 കൊല്ലം: ഇരവിപുരം ഭരണിക്കാവിൽ ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കൾ. ഭരണിക്കാവ് സ്വദേശികളായ ഷാജി-റിഹാന ദമ്പതികളുടെ മകൾ സായ (26) യുടെ മരണത്തിലാണ് ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് മാടൻനട സ്വദേശി അഫ്സലും കുടുംബവും സായയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.

2023 ജനുവരി 15-നായിരുന്നു സായയുടെയും അഫ്സലിന്റെയും വിവാഹം. വിവാഹസമയത്ത് 80 പവൻ സ്വർണവും കാറുമാണ് സ്ത്രീധനമായി നൽകിയിരുന്നത്. എന്നാൽ മറ്റ് ബന്ധങ്ങളിൽ നിന്ന് 100 പവൻ വരെ ലഭിക്കുമായിരുന്നുവെന്ന് പറഞ്ഞ് അഫ്സലും കുടുംബവും മകളെ തുടർച്ചയായി മാനസികമായി ഉപദ്രവിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു. ഇതിനു പുറമെ വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട് അഫ്സലിന്റെ അമ്മാവൻ സായയെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നതായും ആരോപണമുണ്ട്.

ഒക്ടോബർ 31-ന് രാത്രിയിലാണ് സായയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാത്രി 8.30-ഓടെയാണ് സംഭവം നടന്നതെന്ന് ഭർതൃവീട്ടുകാർ അവകാശപ്പെടുന്നുണ്ടെങ്കിലും രാത്രി 10.45-നാണ് തങ്ങളെ വിവരമറിയിച്ചതെന്ന് സായയുടെ കുടുംബം ചൂണ്ടിക്കാണിക്കുന്നു. പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ഏതു പ്രതിസന്ധിയിലും മകൾ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നും സംഭവദിവസം വൈകിട്ട് ഭർതൃവീട്ടിൽ ബഹളം നടന്നതായി അയൽക്കാർ പറഞ്ഞിട്ടുണ്ടെന്നും സായയുടെ പിതാവ് ഷാജി പറഞ്ഞു. മകൾക്ക് നീതി ലഭിക്കണമെന്നും മരണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്നും കണ്ണീരോടെ മാതാവ് റിഹാന ആവശ്യപ്പെട്ടു.

സംഭവത്തിന് ശേഷം സായയുടെ ലാപ്ടോപ്പും ഡയറിയും കാണാതായിട്ടുണ്ട്. സായയുടെ ബാങ്ക് അക്കൗണ്ടും ഫോണും ഉപയോഗിച്ചാണ് അഫ്സൽ ബിസിനസ് നടത്തിയിരുന്നതെങ്കിലും ഫോണിന്റെ പിൻ നമ്പർ അറിയില്ലെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. സായയുടേതായി കണ്ടെത്തിയ കത്തിൽ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടക്കണമെന്നും ഭർത്താവിനോട് പരാതിയില്ലെന്നും എഴുതിയിട്ടുണ്ടെങ്കിലും കേസ് ആത്മഹത്യയാക്കി ചുരുക്കി എഴുതാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പിതാവ് പരാതി നൽകിയതിനെ തുടർന്ന് നിലവിൽ ഇരവിപുരം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Tags