അമ്മയുടെ മൃതദേഹം മൂന്നുദിവസം വീട്ടില്‍ വച്ച് പൂജിച്ച് മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ; സംഭവം കൊല്ലത്ത്

death

കൃഷ്ണ സ്വാമിയുടെ മകള്‍ വീട്ടിലെത്തിയപ്പോളാണ് സംഭവം പുറത്തിറഞ്ഞത്.

കൊല്ലം കുളത്തൂപ്പുഴയില്‍ മാതാവിന്റെ മൃതദേഹം മകന്‍ ആരുമറിയാതെ പൂജ ചെയ്തത് മൂന്ന് ദിവസം. കുളത്തുപ്പുഴ ആര്‍ പി എല്‍ 2F ക്വാട്ടേഴ്‌സിലെ ചിന്നത്താമ (80) യുടെ മൃതശരീരമാണ് മകന്‍ കൃഷ്ണ സ്വാമി മൂന്ന് ദിവസം മുറിക്കുള്ളില്‍ സൂക്ഷിച്ച് പൂജ ചെയ്തത്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കൃഷ്ണ സ്വാമി.

കൃഷ്ണ സ്വാമിയുടെ മകള്‍ വീട്ടിലെത്തിയപ്പോളാണ് സംഭവം പുറത്തിറഞ്ഞത്. ഉടനെ മറ്റ് ബന്ധുക്കളെയും കുളത്തുപ്പുഴ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ബുധനാഴ്ചയാണ് അമ്മ മരിച്ചത്. ഇക്കാര്യം പുറത്തറിയിക്കാതെ മൃതദേഹം വീട്ടില്‍ വെച്ച് പൂജ ചെയ്യുകയായിരുന്നു. കൃഷ്ണ സ്വാമിയും അമ്മയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.

കുളത്തുപ്പുഴ പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം പുഴുവരിച്ച് തുടങ്ങിയതായി കണ്ടെത്തിയത്. മാനസിക വൈകല്യമുള്ള കൃഷ്ണ സ്വാമി മൃതദേഹം ദിവസവും തുണി നനച്ച് തുടക്കുകയും പൗഡറിടുകയും ചന്ദനതിരികള്‍ കത്തിച്ചു വെച്ച് പൂജ നടത്തുകയും ചെയ്തു വരികയായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു. കുളത്തുപ്പുഴ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അസ്വഭാവിക മരണത്തിന് കുളത്തുപ്പുഴ പൊലീസ് കേസെടുത്തു.

Tags