അമ്മ’യിൽ നിന്ന് രാജിവച്ച അം​ഗങ്ങളെ തിരിച്ചെത്തിക്കും; ഉടൻ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തുമെന്ന് രമേഷ് പിഷാരടി

 Members who resigned from AMMA will be reinstated; Ramesh Pisharody says new office bearers will be found by holding elections soon

കൊച്ചി : അമ്മ’യിൽ നിന്ന് രാജിവച്ച അം​ഗങ്ങളെ തിരിച്ചെത്തിക്കുമെന്ന് നടനും പാലക്കാട് എംഎൽഎയുമായ രമേശ് പിഷാരടി. ‘അമ്മ’യുടെ സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ലെന്നും പരിഹരിക്കപ്പെടാവുന്ന വിഷയങ്ങൾ മാത്രമാണ് സംഘടനയിൽ ഉള്ളതെന്നും രമേഷ് പിഷാരടി  മാധ്യമങ്ങളോട് പറഞ്ഞു. ‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി യോഗം ഇന്നലെ ചേർന്നുവെന്നും ഉടൻ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘അഡ്ഹോക്ക് കമ്മിറ്റിയെന്ന് സാങ്കേതികമായി ഒരു കടലാസ് കമ്മിറ്റിയാണ്. എത്രയും പെട്ടന്ന് തിരഞ്ഞെടുപ്പ് നടത്തി അടുത്ത ഭാരവാഹികളെ കണ്ടെത്തുക എന്നതാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രധാന ഉത്തരവാദിത്വം. ‘അമ്മ’യുടെ പോളിസി മേക്കിങിലോ സാമ്പത്തികമായ ഇടപാടുകളിലോ ഒന്നും മാറ്റമുണ്ടാക്കാൻ അധികാരമുള്ള കമ്മിറ്റിയല്ല ഇത്. 

'പക്ഷേ സംഘടന എന്ന നിലയിൽ വ്യക്തിപരമായ പ്രശ്നങ്ങളിൽ പരമാവധി ഇടപെട്ടു കൊണ്ട് എങ്ങനെ പരിഹരിക്കാം എന്ന ചർച്ചകളും അതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. അഡ്ഹോക്ക് കമ്മിറ്റി ആദ്യത്തെ യോഗം കൂടി. ഗണേഷേട്ടനും ഷാജോണും ഓൺലൈനിൽ ജോയിൻ ചെയ്തു. കുറച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അത് ഇപ്പോൾ മാധ്യമങ്ങളോട് പറയാനാകില്ല. തിരഞ്ഞെടുപ്പ് എത്രയും പെട്ടന്ന് നടത്തുക എന്നതാണ് ലക്ഷ്യം.

‘അമ്മ’യുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ഒരംഗം എന്ന നിലയിൽ മാനസികമായ വേദന എല്ലാവർക്കുമുള്ളപോലെ എനിക്കുമുണ്ട്. വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങളും കമ്യൂണിക്കേഷൻ ഗ്യാപ്പുകളുമൊക്കെ പരിഹരിക്കപ്പെടണം. അത്തരം പ്രശ്നങ്ങളിൽ വളരെ കാര്യക്ഷമമായി ഇടപെട്ട് പരിഹാരം കണ്ടെത്തേണ്ട ഒരു കമ്മിറ്റിയെ ഇത് ഏൽപ്പിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. 

രാജിവച്ചുപോയ എല്ലാവരെയും തിരിച്ചുവിളിക്കും. ശ്വേത മേനോൻ, അൻസിബ, മല്ലിക ചേച്ചി, ബാബുരാജ്, മമ്മൂക്ക, ലാലേട്ടൻ ഇവരോട് എല്ലാവരോടും പല ദിവസങ്ങളിലായി ഫോണിൽ ഒരുപാട് സമയം സംസാരിച്ചു. അൻസിബയോടൊക്കെ ഒരുമണിക്കൂർ സംസാരിച്ചിരുന്നു. അവരെയെല്ലാം കേൾക്കുന്നുണ്ട്. പ്രശ്നങ്ങൾ എന്തുകൊണ്ട് ഉണ്ടായി, നിലവിൽ എങ്ങനെ പരിഹരിക്കാം എന്നതൊക്കെയാണ് ചർച്ച ചെയ്യുന്നത്. എല്ലാക്കാര്യത്തിലും രണ്ട് വശങ്ങളും കേൾക്കണം. ചിലർ പൊതു മാധ്യമങ്ങളിൽ വൈകാരികമായി പ്രതികരിച്ചു. ഗൗരവമേറിയ വിഷയങ്ങളുണ്ട്, അതല്ലാത്തതുമുണ്ട്. പുതിയ കമ്മിറ്റി വരും ഇതൊക്കെ പരിഹരിക്കപ്പെടും. ഒരു സ്ഥിരം ഭാരവാഹിത്വത്തിലേക്ക് ഞാൻ വരില്ല, എനിക്ക് ഇവിടെ പാലക്കാടുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളുണ്ട്.

അന്ന് വാർത്തയിലൂടെയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വം എനിക്ക് വന്നത് കേട്ടത്. രാവിലെ പറഞ്ഞിരുന്നു, എന്തെങ്കിലും വന്നാൽ ഏറ്റെടുക്കേണ്ടി വരുമെന്ന്. അതൊക്കെ നമ്മൾ ചെയ്യണം. എല്ലാവരും നമ്മുടെ സഹപ്രവർത്തകരും നല്ല ആളുകളുമാണ്, ഇതൊക്കെ പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളെ ഒള്ളൂ.’’–രമേഷ് പിഷാരടിയുടെ വാക്കുകള്‍.


 

Tags