തീർത്ഥാടകർക്ക് കൈത്താങ്ങായി പുല്ലുമേട്ടിലെ മെഡിക്കൽ സംഘം; ഇതുവരെ ചികിത്സ തേടിയത് 3000 പേര്‍
ശബരിമല : സത്രം - പുല്ലുമേട് വഴിയുള്ള കാനനപാതയിലൂടെ ശബരിമല സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് എല്ലാവിധ ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുകയാണ് പുല്ലുമേട്ടിലെ ചെക്ക് പോസ്റ്റിനു സമീപം സജ്ജമാക്കിയിരിക്കുന്ന വൈദ്യപരിശോധനാ കേന്ദ്രം. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അടിയന്തര ചികിത്സ ആവശ്യമായവരെ വണ്ടിപ്പെരിയാറിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിക്കുന്നതിന് ആംബുലന്‍സിന്റെ സേവനവും സജ്ജമാണ്.
ഡോക്ടറും നഴ്‌സിംഗ് ഓപീസറും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും നഴ്‌സിംഗ് അസിസ്റ്റന്റും ഡ്രൈവറും അടങ്ങുന്ന സംഘമാണ് മെഡിക്കല്‍ ടീമിലുള്ളത്. തീര്‍ഥാടനകാലം ഒരു മാസം പിന്നിടുമ്പോള്‍ 3000 പേരാണ് ഇവിടെ ചികിത്സ തേടിയത്. പേശീ വേദന, മുറിവുകള്‍ സംഭവിച്ചവര്‍, പനി, അട്ട കടിച്ചുണ്ടാകുന്ന മുറിവുകള്‍, കണ്ണിന് പ്രയാസം, ശ്വാസം മുട്ടല്‍, തുടങ്ങിയ വിവിധ രോഗാവസ്ഥകളുമായി രോഗികള്‍ എത്താറുണ്ടെന്ന് കേന്ദ്രത്തിലെ ഡോ. ദീപു കൃഷ്ണന്‍ പറയുന്നു. വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 7 ദിവസം വീതമാണ് ഓരോ ടീമിനും ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളത്. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരെ കേന്ദ്രത്തില്‍ സേവനത്തിന് നിയോഗിക്കുന്നു.
ആവശ്യത്തിനുള്ള മരുന്നുകള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ശ്വാസം മുട്ട് അനുഭവപ്പെടുന്നവര്‍ക്ക് നെബുലൈസേഷന്‍, കുത്തിവെയ്പ്പുകള്‍, മുറിവുകള്‍ ഡ്രസ് ചെയ്യുന്നതിനുള്ള സൗകര്യം, ഹൃദയസ്തംഭനമുണ്ടാകുന്നവര്‍ക്കായുള്ള ഡീഫിബ്രിലേറ്റര്‍, മോണിറ്റര്‍ തുടങ്ങിയ നൂതന ചികിത്സാ സംവിധാനങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ശരാശരി 150 മുതല്‍ 200 പേര്‍ വരെ ഇവിടെ ചികിത്സ തേടുന്നുണ്ട്. ഇപ്പോള്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ഡോ. ദീപു പറഞ്ഞു.
സത്രത്തിനും പുല്ലുമേടിനും ഇടയില്‍ സീറോ പോയിന്റിലും മെഡിക്കല്‍ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഇവിടെയും ആംബുലന്‍സ് സേവനം സജ്ജമാണ്. ഡോക്ടറും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എ. സാന്റി, നഴ്‌സിംഗ് ഓഫീസര്‍ എം.എസ്. സരിത, നഴ്‌സിംഗ് അസിസ്റ്റന്റ് സുരേഷ് കുമാര്‍, ഡ്രൈവര്‍ ഹരിദാസ് എന്നിവരാണ് പുല്ലുമേട്ടിലെ മെഡിക്കല്‍ ടീമില്‍ ഇപ്പോള്‍ ഡ്യൂട്ടിയിലുള്ളത്.
.jpg)


