ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ്: പ്രസവത്തെ തുടർന്ന് യുവതിയുടെ ശരീരത്തിൽ പഞ്ഞി കുടുങ്ങിയതായി പരാതി
തൃശൂർ : ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കുടുങ്ങിയതായി പരാതി. ചാവക്കാട് സ്വദേശി ഫാത്തിമത്തുൽ ഷറഫിയ ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആഗസ്റ്റ് 19-നാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഫാത്തിമത്തുൽ ഷറഫിയക്ക് പ്രസവം നടന്നത്. പ്രസവാനന്തരം രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഗർഭാശയത്തിൽ തുന്നലിട്ടിരുന്നു. ഈ സമയത്ത് പഞ്ഞി ഉള്ളിൽ വെച്ച് തുന്നിക്കെട്ടിയെന്നാണ് കുടുംബത്തിന്റെ പരാതി. തുടർന്ന് 43 ദിവസത്തോളം കടുത്ത വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ചു. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഡോക്ടർമാർ കൃത്യമായി പരിശോധിക്കാതെ പഴുപ്പിനുള്ള മരുന്ന് നൽകി മടക്കി അയക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാനിംഗിലാണ് ശരീരത്തിനുള്ളിൽ പഞ്ഞി കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് മറ്റൊരു ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയയിലൂടെ പഞ്ഞി പുറത്തെടുക്കുകയായിരുന്നു. പരാതിയുമായി ചെന്നപ്പോൾ ഡോക്ടർ ഒത്തുതീർപ്പിന് ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു.
എന്നാൽ ആരോപണങ്ങൾ ഡോ. ഡിറ്റോ പൂർണ്ണമായും തള്ളി. പരാതിക്കാർ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും, അതിന് വഴങ്ങാത്തതിനാലാണ് വ്യാജ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പാലിച്ചാണ് ചികിത്സ നടത്തിയതെന്നും ഡോക്ടർ വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡി.എം.ഒ.) നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ടും അറിയിച്ചു.
.jpg)

