പുതുവത്സരത്തിൽ ഇരുട്ടടി : ജനകീയ ഹോട്ടലുകളിൽ ഊൺവില പത്തുരൂപ കൂട്ടി
കണ്ണൂർ: സാധാരണക്കാരെ വെട്ടിലാക്കികൊണ്ടു ജനകീയ ഹോട്ടലുകളിൽ ഊൺ വില നാൽപതുരൂപയായി കൂട്ടി. നേരത്തെ മുപ്പതു രൂപയുണ്ടായതാണ് ഒറ്റയടിക്കു പത്തുരൂപ വർദ്ധിപ്പിച്ചത്. ജനുവരി ഒന്നു മുതലാണ് വിലവർദ്ധനവ് പ്രാബല്യത്തിൽ വരുത്തിയത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനകീയ ഹോട്ടലുകളെ പ്രതിസന്ധിയിലാക്കിയിരുന്നു.
tRootC1469263">സർക്കാർ വിഹിതം കൃത്യസമയത്ത് ലഭിക്കാത്തതും മുൻപോട്ടു പോകാൻ കഴിയാത്ത സാഹചര്യമുണ്ടാക്കി. ഗ്രാമപഞ്ചായത്തുകളുടെ കീഴിൽ കുടുംബശ്രീ യൂനിറ്റുകളാണ് ജനകീയ ഹോട്ടലുകൾ നടത്തിവരുന്നത്. വിലവർദ്ധിപ്പിച്ചുവെങ്കിലും വിഭവങ്ങൾ കൂട്ടിയിട്ടൊന്നുമില്ല. നേരത്തെ കൊടുത്തിരുന്ന പപ്പടം ഊണിനൊപ്പം ഇപ്പോൾ നൽകാറില്ല. എന്നാൽ ചിലയിടങ്ങളിൽ പായസം വിളമ്പുന്നുണ്ട്.
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ചുരുങ്ങിയ വിലയ്ക്ക് ഊണും ഭക്ഷ്യവസ്തുക്കളും നൽകുന്ന ജനകീയ ഹോട്ടലുകൾ ഒന്നാം പിണറായി സർക്കാർ തുടങ്ങിയത്. സാധാരണക്കാരും ഇതരസംസ്ഥാന തൊഴിലാളികളും തുച്ഛ വരുമാനക്കാരുമാണ് ജനകീയ ഹോട്ടലുകളെ കൂടുതൽ ആശ്രയിച്ചിരുന്നത്. പത്തു രൂപയുടെ വർധനവ് അധികമാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. എന്നാൽ മറ്റുസ്വകാര്യ ഹോട്ടലുകളിൽ അറുപതു രൂപയാണ് ഊണിന് ഈടാക്കുന്നത്. കണ്ണൂർ ടൗണിൽ 70 മുതൽ 110 വരെ ഈടാക്കുന്നുണ്ട്. നഗരത്തിൽ ജനകീയ ഹോട്ടലൊന്നും പ്രവർത്തിക്കുന്നില്ല. കോർപറേഷന്റെ ഏക ജനകീയ ഹോട്ടൽ നഗരത്തിൽ നിന്നും ഏഴുകിലോമീറ്റർ അകലെ കാപ്പാട് ഭാഗത്താണുളളത്.
.jpg)


