നാലുമാസത്തിനിടെ അഞ്ചുകോടി രൂപയുടെ എംഡിഎംഎ ഇടപാടുകള്‍ ; നഴ്‌സിങ് പഠനത്തിന് പോയ വിദ്യാര്‍ത്ഥിയെ പിടികൂടിയത് നോയിഡയില്‍ നിന്ന്
ആവശ്യക്കാരില്‍നിന്ന് പണം വാങ്ങിയശേഷം എംഡിഎംഎ എത്തിച്ചുനല്‍കുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പന്തീരാങ്കാവില്‍ എംഡിഎംഎ പിടികൂടിയ കേസില്‍ രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍. നിലമ്പൂര്‍ ചോക്കാട് സ്വദേശി അജ്മല്‍, നഴ്‌സിങ് വിദ്യാര്‍ഥിനിയായ മലയിന്‍കീഴ് സ്വദേശി സൂര്യ എന്നിവരെയാണ് കോഴിക്കോട് പൊലീസ് നോയിഡയിലെ ഫ്‌ളാറ്റില്‍നിന്ന് പിടികൂടിയത്. ഇതോടെ ഒരുകിലോ എംഡിഎംഎ പിടികൂടിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി.
ആവശ്യക്കാരില്‍നിന്ന് പണം വാങ്ങിയശേഷം എംഡിഎംഎ എത്തിച്ചുനല്‍കുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍നിന്ന് ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍, നിരവധി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, പാന്‍ കാര്‍ഡുകള്‍, നോട്ടെണ്ണല്‍ യന്ത്രം, ഇലക്ട്രോണിക് ത്രാസ് എന്നിവയും പിടിച്ചെടുത്തു. ബെംഗളൂരുവില്‍ നഴ്‌സിങ് പഠനത്തിന് പോയ സൂര്യ ഏറെനാളായി അജ്മലിനൊപ്പം നോയിഡയിലാണ് താമസമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ചേര്‍ന്ന് നാലുമാസത്തിനിടെ അഞ്ചുകോടി രൂപയുടെ എംഡിഎംഎ ഇടപാടുകള്‍ നടത്തിയതായും പൊലീസ് പറഞ്ഞു.
മൂന്നുമാസം മുന്‍പാണ് കോഴിക്കോട് പന്തീരാങ്കാവില്‍ ഒരുകിലോ എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയിലായത്. ഈ കേസിലെ തുടരന്വേഷണത്തിലാണ് കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായിരിക്കുന്നത്. നേരത്തേ അറസ്റ്റിലായവരുടെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂര്യയും അജ്മലും വലയിലായത്. ലഹരിമരുന്ന് വിതരണ ശൃംഖലയിലെ കൂടുതല്‍ കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
.jpg)

