ഹാജര്‍ ബുക്കില്‍ വെള്ളം ഒഴിച്ച് അതിന് ഡാമേജ് വരുത്താന്‍ യുഡിഎഫ് ശ്രമിച്ചു; തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബഹളത്തിൽ പ്രതികരിച്ച് മേയർ വി വി രാജേഷ്

UDF tried to damage the attendance book by pouring water on it; Mayor VV Rajesh responds to the Thiruvananthapuram Corporation's outcry

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മേയര്‍ വി വി രാജേഷ്. കൗണ്‍സിലില്‍ പ്രതിപക്ഷം ബോധപൂര്‍വ്വമാണ് ബഹളം ഉണ്ടാക്കിയത്. ഹാജര്‍ ബുക്കില്‍ വെള്ളം ഒഴിച്ച് അതിന് ഡാമേജ് വരുത്താന്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചെമ്പഴന്തി ഉദയന്‍ ഹാജര്‍ രജിസ്റ്റര്‍ നശിപ്പിക്കുന്നത് തടയുകയാണ് ചെയ്തതെന്നും വി വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നത്തെ കൗണ്‍സില്‍ യോഗവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ അജണ്ട അറിയിച്ചിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനയില്‍ തദ്ദേശ മന്ത്രിയുടെ നിലപാടിനെ അഭിനന്ദിച്ചാണ് കൗണ്‍സില്‍ ആരംഭിച്ചത്.അതിനു ശേഷം നിരവധി അജണ്ടകള്‍ ഉണ്ടായിരുന്നു. നഗരസഭ ജീവനക്കാരുടെ ലോണ്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ അവതരിപ്പിച്ചു. ആ സമയത്തൊക്കെ മുദ്രാവാക്യം മുഴക്കുകയാണ് ചെയ്തത്. ഇന്ന് നടന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. നടക്കാന്‍ പാടില്ലാത്ത സംഭവം. ഹാജര്‍ രജിസ്റ്റര്‍ ഒപ്പിട്ടു തീര്‍ന്നില്ലേല്‍ കുറച്ചു സമയം കൂടി കൊടുക്കാറുണ്ടെന്നും മേയര്‍ വ്യക്തമാക്കി.

'ഒപ്പിടാന്‍ രജിസ്റ്റര്‍ കൊടുക്കുമ്പോള്‍ ഉദ്യോഗസ്ഥന്റെ കയ്യില്‍ തിരിച്ചു കൊടുക്കുകയാണ് വേണ്ടത്. എന്നാല്‍ ചില പേജുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നു. ചിലര്‍ ഗ്ലാസിലെ വെള്ളമെടുത്തിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒഴിക്കുന്നത് കണ്ടു. ഓരോരുത്തരും ഓരോ പേന ഉപയോഗിച്ചാണ് ഒപ്പിടുന്നത്. രജിസ്റ്ററില്‍ വെള്ളം വീണാല്‍ ഇത് നാളെ എന്തെങ്കിലും ആവശ്യം വന്നാല്‍ കോടതി മുന്‍പാകെ ഹാജരാക്കേണ്ട രേഖയാണ്. ഒരു ആധികാരികമായ രേഖയാണ്. ഒന്നെങ്കില്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ ഉദ്യോഗസ്ഥന് തിരിച്ചു കൊടുക്കുക. അല്ലെങ്കില്‍ ഒപ്പിടേണ്ട മറ്റൊരംഗത്തിന് നല്‍കുക. അതാണല്ലോ ജനാധിപത്യത്തില്‍ മര്യാദ. അല്ലാതെ ഹാജര്‍ രജിസ്റ്റര്‍ മറ്റാര്‍ക്കും കൊടുക്കില്ല എന്ന് പറഞ്ഞു കൈവശം വെയ്ക്കുകയും അതിന് ഡാമേജ് വരുന്ന തരത്തില്‍ നിലപാട് സ്വീകരിക്കുന്നതും ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല. ദൗര്‍ഭാഗ്യകരമായ കാര്യങ്ങള്‍ ഉണ്ടായി. ഇത് കണ്ട് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രജിസ്റ്റര്‍ നശിക്കരുത് എന്ന ഉദ്ദേശത്തോട് കൂടി അത് ചോദിക്കുന്ന സാഹചര്യം ഉണ്ടായി. ജനപ്രതിനിധികള്‍ തമ്മില്‍ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി പാടില്ല. അത് പരിശോധിക്കുക തന്നെ ചെയ്യും. സുഗതന്റെ കാര്യത്തില്‍ മുന്‍പ് പറഞ്ഞ നിലപാട് തന്നെയാണ് ഉള്ളത്. അജണ്ട ചര്‍ച്ച ചെയ്യാന്‍ സമയം കിട്ടിയില്ലെങ്കില്‍ അടുത്ത ദിവസത്തേക്ക് മാറ്റി വെയ്ക്കുകയാണ് ചെയ്യാറ്.'- വി വി രാജേഷ് കൂട്ടിച്ചേര്‍ത്തു.

Tags