ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ അറസ്റ്റ് ചെയ്തതില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മേയര്‍ വി വി രാജേഷ്
വെടിവെച്ച് വാര്‍ത്തയാക്കണം എന്നുണ്ടെങ്കില്‍ ഒന്നും ചെയ്യാനാകില്ലെന്നും വി വി രാജേഷ് പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാഴോട്ടുകോണം വാര്‍ഡ് ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ അറസ്റ്റ് ചെയ്തതില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മേയര്‍ വി വി രാജേഷ്. സുഗതനെ പൊലീസ് ആക്രമിച്ചുവെന്നാണ് വി വി രാജേഷ് ആരോപിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് കാപ്പ ചുമത്തിയതെന്നും പൊലീസ് അസാധാരണ സാഹചര്യം സൃഷ്ടിക്കുകയായിരുന്നെന്നും വി വി രാജേഷ് ആരോപിച്ചു. സുഗതന്റെ ഭാര്യയ്ക്കും പൊലീസ് മര്‍ദനമേറ്റെന്നും വെടിവെയ്ക്കേണ്ട സാഹചര്യം അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ ആഭ്യന്തരമന്ത്രിയെ നേരില്‍ കാണുമെന്നും മേയര്‍ അറിയിച്ചു. വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ വിപിനും എസ്ഐയും ഉണ്ടാക്കിയ പ്രശ്നമാണിതെന്നും ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവിയോട് നേരത്തെ തന്നെ പറഞ്ഞിരുന്നെന്നും വി വി രാജേഷ് പറഞ്ഞു.
'നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് കാപ്പ ചുമത്തിയത്. കാപ്പ ചുമത്തിയ രേഖകള്‍ ഞങ്ങള്‍ കണ്ടിട്ടില്ല. ജില്ലാ ഭരണകൂടം ആ രേഖകള്‍ കാണിക്കേണ്ട സാഹചര്യമുണ്ട്. സര്‍ക്കാരിനെ ഇക്കാര്യത്തില്‍ കുറ്റം പറയില്ല. വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയും എസ്ഐയുമാണ് പ്രശ്നക്കാര്‍. മറ്റൊരു പൊലീസ് സ്റ്റേഷനിലും ഇങ്ങനെ പ്രശ്നമില്ല. പൊലീസിനെതിരെ ഒരു അക്രമവും ഞങ്ങള്‍ നടത്തിയിട്ടില്ല. ബിജെപി ജില്ലാ നേതൃത്വം പലതവണ ഉന്നത ഉദ്യോഗസ്ഥരോട് ഈ പ്രശ്നം പറഞ്ഞു. എഡിജിപി ഇയാള്‍ക്കെതിരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടട്ടെ. ജെപി നദ്ദ പങ്കെടുത്ത പരിപാടിയില്‍ 9 മണിക്ക് മൈക്ക് സെറ്റ് ഓഫ് ചെയ്തയാളാണ് എസ്എച്ച്ഒ': വി വി രാജേഷ് പറഞ്ഞു.
പതിനാല് വയസുളള കുട്ടിയുടെ നേര്‍ക്ക് തോക്ക് ചൂണ്ടേണ്ട സാഹചര്യം എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. 'ഈ തോക്കും വെടിയുണ്ടയും ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചപ്പോള്‍ ഉണ്ടായിരുന്നു. അന്ന് എസ്എച്ച്ഒ വിപിനും വെടിയുണ്ടയും ഇല്ലായിരുന്നോ? സ്ത്രീകളെയും കുട്ടികളെയും കണ്ടപ്പോഴാണോ വെടിവയ്ക്കാന്‍ തോന്നിയത്' വി വി രാജേഷ് ചോദിച്ചു. തിരുവനന്തപുരത്ത് പ്രശ്നമുണ്ടെന്ന് വരുത്തിതീര്‍ക്കുകയാണെന്നും ഒരാളെ അകത്തിട്ടാല്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്നും വി വി രാജേഷ് പറഞ്ഞു. സുഗതനെ അയോഗ്യനാക്കണമെന്ന ആഗ്രഹം പലര്‍ക്കുമുണ്ടെന്നും അയോഗ്യത ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ വരുന്നത് സ്വാഭാവികമാണെന്നും വെടിവെച്ച് വാര്‍ത്തയാക്കണം എന്നുണ്ടെങ്കില്‍ ഒന്നും ചെയ്യാനാകില്ലെന്നും വി വി രാജേഷ് പറഞ്ഞു.
.jpg)

