മയിൽപ്പീലി യങ് സ്‌കോളർഷിപ്പ് പരീക്ഷ: സംസ്ഥാന സർക്കാരിന് തിരിച്ചടി; ജില്ലാതല പരീക്ഷ നടത്താൻ ഹൈക്കോടതി അനുമതി

Mayilpeeli Young Scholarship Exam: Setback for the state government; High Court allows district-level exam

കൊച്ചി: മയിൽപ്പീലി യങ് സ്‌കോളർഷിപ്പ് പരീക്ഷയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ഞായറാഴ്ച നടക്കാനിരിക്കുന്ന ജില്ലാതല പരീക്ഷ നടത്താൻ ഹൈക്കോടതി താൽക്കാലിക അനുമതി നൽകി. ജസ്റ്റിസ് പി. ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. എന്നാൽ, പരീക്ഷാ ഫലം പ്രസിദ്ധീകരിക്കരുതെന്നും, ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സംസ്ഥാനതല പരീക്ഷ നടത്തരുതെന്നും കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെ പരീക്ഷ വിവാദമായതോടെ, പരീക്ഷാ നടത്തിപ്പിനുള്ള അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നോട്ടീസ് നൽകുകയോ കാരണം ബോധിപ്പിക്കുകയോ ചെയ്യാതെയാണ് അനുമതി പിൻവലിച്ചതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.

ബാലഗോകുലത്തിന്റെ മാസികയായ മയിൽപ്പീലിയും ദേശീയ അധ്യാപക പരിഷത്തും സംയുക്തമായാണ് 'യങ് സ്‌കോളർ എക്‌സാം 2026' എന്ന പേരിൽ സ്‌കോളർഷിപ്പ് പരീക്ഷ നടത്താൻ സർക്കാരിനോട് അനുമതി തേടിയത്. ഒക്ടോബർ 12-ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ പരീക്ഷയ്ക്ക് അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, വിദ്യാഭ്യാസ മന്ത്രി അറിയാതെയാണ് അനുമതി നൽകിയതെന്ന വിവരം പുറത്തുവന്നതോടെ വിഷയം വലിയ വിവാദമായി.

തുടർന്ന് നവംബർ 14-ന് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് പരീക്ഷ റദ്ദാക്കുകയും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തു. അനുമതി നൽകിയത് ഉദ്യോഗസ്ഥതലത്തിലെ പിഴവാണെന്നും, പരാതി ഉയർന്നപ്പോഴാണ് അനുമതി പിൻവലിച്ചതെന്നുമാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ, ആദ്യം അനുമതി നൽകിയതല്ലേയെന്ന് ചോദിച്ച കോടതി, ഈ മാസം 22-ന് നടത്താനിരുന്ന ജില്ലാതല പരീക്ഷ നടക്കട്ടെയെന്ന് ഉത്തരവിടുകയായിരുന്നു.

Tags