കണ്ണൂർ നീർവേലിയിൽ സ്‌കൂട്ടറിലെത്തി വഴി യാത്രക്കാരിയുടെമാല പൊട്ടിക്കാൻ ശ്രമിച്ച കൊടും കുറ്റവാളികളെ മട്ടന്നൂർ പൊലിസ് പിടികൂടി
മട്ടന്നൂർ: നീർവേലിയിൽ സ്കൂട്ടറിലെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച സംഘത്തെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കോഴിക്കോട് പുതുപ്പള്ളി സ്വദേശി പി വി അനസ് (29), കൊയിലാണ്ടി സ്വദേശി എസ് എസ് സൂര്യൻ (26) എന്നിവരാണ് പിടിയിലായത്. ഇവരെ തങ്ങളുടെ വീടുകളിൽ നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ജൂൺ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടന്നൂർ നീർവേലി എളക്കുഴിയിൽ വെച്ച് സ്കൂട്ടറിലെത്തിയ പ്രതികൾ യുവതിയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
പിടിയിലായവർ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിപ്പട്ടികയിലുള്ള കുറ്റവാളികളാണ്. ഇതിൽ ഒന്നാം പ്രതിയായ പി വി അനസിന് പട്ടാമ്പി, നെയ്യാറ്റിൻകര, നറുവമോട്, മന്ദൻചേരി, കുത്തിയതോട്, കായംകുളം, കൊടുങ്ങല്ലൂർ, മണ്ണാഞ്ചേരി എന്നീ സ്റ്റേഷനുകളിലായി ഒട്ടനവധി കേസുകളുണ്ട്. രണ്ടാം പ്രതിയായ സൂര്യൻ ചോമ്പാല, വെള്ളയിൽ, ചങ്ങരംകുളം എന്നീ സ്റ്റേഷനുകളിലായി മൂന്നോളം കേസുകളിൽ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി കൂത്തുപറമ്പ് സബ് ജയിലിൽ റിമാൻഡ് ചെയ്തു
.jpg)

