മൂവാറ്റുപുഴ ജില്ല വേണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ: പരിഗണിക്കാമെന്ന് മുഖ്യമന്ത്രി
ഒരു പുതിയ ജില്ല രൂപീകൃതമാകുമെങ്കില്‍ ആദ്യത്തെ ജില്ല മൂവാറ്റുപുഴ ജില്ല ആയിരിക്കണം' എന്നായിരുന്നു മാത്യു കുഴല്‍നാടന്‍ പറഞ്ഞത്.
മൂവാറ്റുപുഴ ജില്ല വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനെ വേദിയിലിരുത്തി ആവശ്യപ്പെട്ട് മാത്യു കുടല്‍നാടന്‍ എംഎല്‍എ. ഞങ്ങള്‍ മൂവാറ്റുപുഴക്കാര്‍ക്ക് ഒരു ഓണസമ്മാനം നല്‍കിയിട്ടേ പോകാവൂ എന്ന് ആമുഖമായി പറഞ്ഞായിരുന്നു പുതിയ ജില്ല എന്ന ആവശ്യം മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചത്. ആവശ്യം ഗൗരവമായി പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ വേദിയിലായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യവും മുഖ്യമന്ത്രിയുടെ മറുപടിയും.
'ഞങ്ങള്‍ മൂവാറ്റുപുഴക്കാര്‍ക്ക് ഒരു ഓണസമ്മാനം നല്‍കിയിട്ടേ പോകാവൂ. സത്യം പറഞ്ഞാല്‍ ഏറെക്കാലമായി ഞങ്ങള്‍ വറുതിയിലും പട്ടിണിയിലുമാണ്. ഞാനും ഡീനും അടക്കം എല്ലാ നേതാക്കന്മാരും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മുവാറ്റുപുഴയ്ക്ക് ഒന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. പ്രത്യേകമായ കരുതലും പരിഗണനയും മൂവാറ്റുപുഴയ്ക്ക് വേണ്ടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും ആഗ്രഹിക്കുന്ന ഓണസമ്മാനം ഒരു പുതിയ ജില്ല രൂപീകൃതമാകുമെങ്കില്‍ ആദ്യത്തെ ജില്ല മൂവാറ്റുപുഴ ജില്ല ആയിരിക്കണം' എന്നായിരുന്നു മാത്യു കുഴല്‍നാടന്‍ പറഞ്ഞത്.
'എഎംഎല്‍ സംസാരിച്ചപ്പോള്‍ മൂവാറ്റുപുഴയുടെ സങ്കടങ്ങളെക്കുറിച്ച് പറഞ്ഞു. ഒരുപാട് നാളുകള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടതിനെക്കുറിച്ച് പറഞ്ഞു. പ്രതികാര ബുദ്ധിയോട് കൂടി ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുത്തി നിര്‍ത്തിയതിനെക്കുറിച്ച് പറഞ്ഞു. എല്ലാ സങ്കടങ്ങളും എല്ലാ വിഷമങ്ങളും മാറ്റും. ഒരു കാര്യം നഷ്ടപ്പെട്ടാല്‍ പലിശ സഹിതം കിട്ടണമെന്നാണ് എല്ലാവരും ആ?ഗ്രഹിക്കുന്നത്. അതിന്റെ പലിശ സഹിതം മൂവാറ്റുപുഴയ്ക്ക് നല്‍കും. മൂവാറ്റുപുഴ ജില്ല എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ചെറിയൊരു വിഷമം വന്നു. എന്റെ ജില്ലയില്‍ നിന്ന് മൂവാറ്റുപുഴ വേറിട്ട് പോകൂമല്ലോ. എന്നാലും ആ കാര്യം കൂടി ഗൗരവമായി പരിശോധിക്കുന്നുണ്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്നും അക്കാര്യത്തില്‍ ഇത് കൂടി ഉറപ്പായി പരിഗണിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
.jpg)

