ആ ഹൃദയം നിലച്ചു; കേരളത്തിൽ ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയമാറ്റം നടത്തിയ മാത്യു അച്ചാടൻ വിടവാങ്ങി
തൃശൂർ∙ സംസ്ഥാനത്ത് ആദ്യമായി വിമാനമാർഗം ഹൃദയമെത്തിച്ചു ശസ്ത്രക്രിയ നടത്തിയ ചാലക്കുടി സ്വദേശി മാത്യു അച്ചാടന്‍ (57) അന്തരിച്ചു. 2015 ജൂലൈ 24നാണ് മാത്യുവിന്റെ ഹൃദയം മാറ്റിവച്ചത്. തിരുവനന്തപുരത്തുനിന്ന് നാവികസേനയുടെ ഡോണിയർ വിമാനത്തിലാണ് കൊച്ചിയിലേക്ക് ഹൃദയം എത്തിച്ചത്. ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പാറശാല സ്വദേശി അഡ്വ. നീലകണ്ഠശർമക്കു മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ഹൃദയം മാത്യുവിനു മാറ്റിവച്ചത്. ഓട്ടോഡ്രൈവറും ചുമട്ടുതൊഴിലാളിയുമായിരുന്നു മാത്യു.
തിരുവനന്തപുരത്ത് നിന്ന് 210 കിലോമീറ്റർ അകലെയുള്ള കൊച്ചിയിൽ അഞ്ചു മണിക്കൂറിനുള്ളിൽ ഹൃദയം എത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കണമെന്നായയിരുന്നു ഡോക്ടർമാരുടെ നിർദേശം. റോഡ് മാർഗം പ്രായോഗികമല്ലാത്തതിനാലാണ് ആകാശ മാർഗം എത്തിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഇടപെട്ട് കൊച്ചിയിൽനിന്നു വ്യോമസേനയുടെ വിമാനം സജ്ജമാക്കി. ഇതിനുള്ള ഫയലുകൾ പൂർത്തിയാക്കി അർധരാത്രി സർക്കാർ ഉത്തരവിറങ്ങി.
കൊച്ചിയിൽ നിന്നു ഡോക്ടർമാരെയും കൊണ്ട് 2015 ജൂലൈ 24 ഉച്ചയ്ക്ക് 2.20 ന് വിമാനം തിരുവനന്തപുരത്തെത്തി. പൊലീസ് പൈലറ്റ് വാഹനത്തിന്റെ സഹായത്തോടെ ഗതാഗതം നിയന്ത്രിച്ച് നിമിഷങ്ങൾക്കുള്ളിൽ ശ്രീചിത്രതിരുനാൾ ആശുപത്രിയിലേക്കെത്തി. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ മൂന്നുമണിയോടെ ശസ്ത്രക്രിയാ നടപടികൾ തുടങ്ങി. 6.20 ന് പൂർത്തിയാക്കി ഹൃദയം പുറത്തെടുത്തു. 6.51 ന് വിമാനം തിരികെ കൊച്ചിയിലേക്കു പറന്നു. 7.35 ന് കൊച്ചിയിലെത്തി. തുടർന്ന് ആശുപത്രിയിലെത്തിയ ഡോക്ടർമാർ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
തിരുവനന്തപുരം ബാറിലെ പ്രശസ്ത അഭിഭാഷകനായ നീലകണ്ഠശർമയെ (46) കുളിമുറിയിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണ് ശ്രീചിത്രയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്കത്തിലെ രക്തസ്രാവത്തെത്തുടർന്ന് ജീവൻ രക്ഷിക്കാനാകില്ലെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. തുടർന്നാണ് അവയവദാനത്തിനു ഭാര്യ ലതയും മക്കളായ സുബ്രമണ്യ ശർമയും ഗൗതം ശർമയും സമ്മതംമൂളിയത്. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലെ രോഗികളുടെ പട്ടികയിൽ നിന്നാണു ഹൃദയകൈമാറ്റത്തിനു കൊച്ചി ലിസി ആശുപത്രിയിൽ ചികിൽസയിലുള്ള ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടനെ കണ്ടെത്തിയത്. മാത്യുവിന്റെയും നീലകണ്ഠ ശർമയുടെയും രക്തഗ്രൂപ്പ് ഒ പോസിറ്റീവ് ആയിരുന്നു.
ഡോണിയർ 228 എന്ന വിമാനം നാവികസേനയുടെ ഏറ്റവും കരുത്തുള്ള നിരീക്ഷണ വിമാനമാണ്. പരിശീലന, നിരീക്ഷണ ആവശ്യങ്ങൾക്കു സാധാരണ ഉപയോഗിക്കുന്ന ഈ വിമാനം ഏറെ ഈ ആവശ്യത്തിനായി പ്രത്യേകം പരുവപ്പെടുത്തുകയായിരുന്നു. ഡോക്ടർമാർക്കും മറ്റും സഞ്ചരിക്കാൻ പ്രത്യേക സീറ്റുകൾ ഇതിൽ തയാറാക്കി. മലയാളിയായ കമാൻഡർ എസ്. ഗോപിനാഥും സബ് ലഫ്റ്റനന്റ് രക്ഷിത് കപൂറും ചേർന്നാണു വിമാനം പറത്തിയത്. മാത്യു അച്ചാടന്റെ ഭാര്യ ബിന്ദു. മക്കൾ: അമൽ, അന്ന.
.jpg)

