സിപിഎം മുന്‍ എംഎല്‍എ നന്ദകുമാറിനെതിരെ കനത്ത പ്രതിഷേധം; കേസെടുക്കണമെന്ന് യൂത്ത് ലീഗും എംഎസ്എഫും

nandakumar

സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ സ്വാഗത പ്രസംഗത്തിലായിരുന്നു പി നന്ദകുമാറിന്റെ പരാമര്‍ശം.

മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ലയെന്ന മുന്‍ എംഎല്‍എ പി നന്ദകുമാറിന്റെ പ്രസ്താവനയില്‍ പ്രതിഷേധം കനക്കുന്നു. നന്ദകുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകരും പരാതി നല്‍കി. സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ സ്വാഗത പ്രസംഗത്തിലായിരുന്നു പി നന്ദകുമാറിന്റെ പരാമര്‍ശം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, കെകെ ശൈലജ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കെയായിരുന്നു നന്ദകുമാറിന്റെ അധിക്ഷേപ പരാമര്‍ശം.

നന്ദകുമാറിന്റെ വിവാദ പരാമര്‍ശത്തില്‍ കെ ടി ജലീലും വിമര്‍ശിച്ച് രംഗത്തെത്തി. മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാ നിറങ്ങളും ചേര്‍ന്നതാണെന്നും 2006-ല്‍ ചെങ്കൊടി പാറിയ മണ്ണാണ് മലപ്പുറമെന്നും ജലീല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

മലപ്പുറം മതേതര മനസ്സുകള്‍ തുന്നിക്കെട്ടിയ കൊട്ടാരം ആണെന്നായിരുന്നു ഡിസിസി പ്രസിഡന്റ് വിഎസ് ജോയുടെ ഫേസ്ബുക്ക് കുറിപ്പ്. വിവാദ പ്രസ്താവനയില്‍ പി നന്ദകുമാറിനെതിരെ പൊന്നാനി എംഎല്‍എ കെ പി നൗഷാദലി രംഗത്തുവന്നു. പി നന്ദകുമാറിന്റെ പ്രസ്താവന മലപ്പുറത്തോട് ഉള്ള അപരാധം ആണെന്നും ഇസ്ലാമോഫോബിയക്ക് ഊന്നല്‍ നല്‍കാന്‍ ആണ് സിപിഎം ശ്രമിക്കുന്നതെന്നും കെ പി നൗഷാദലി പ്രതികരിച്ചു.

Tags