തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആശുപത്രി വികസന സൊസൈറ്റിയിലും വൻ സാമ്പത്തിക തട്ടിപ്പ് : 46 ലക്ഷത്തിന്റെ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

Government circular to provide beds and mattresses to patients attending medical colleges

 തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആശുപത്രി വികസന സൊസൈറ്റിയിലും ലക്ഷങ്ങളുടെ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. ലാബുകളിൽ നിന്നും സ്കാനിങ് സെന്ററുകളിൽ നിന്നും ലഭിച്ച വരുമാനം ബാങ്കിൽ നിക്ഷേപിക്കാതെ തട്ടിയെടുത്തതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2021-ലെ ഓഡിറ്റ് റിപ്പോർട്ടിലാണ് 46 ലക്ഷം രൂപയുടെ ഈ വൻ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ആരോഗ്യ മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പ് ഉന്നതതല അന്വേഷണത്തിനൊരുങ്ങുകയാണ്.

എച്ച്.എം.സി ലാബ്, എം.ആർ.ഐ സ്കാൻ, അൾട്രാസൗണ്ട് സ്കാൻ എന്നിവയിൽ നിന്നും ഈടാക്കിയ തുക ബാങ്ക് അക്കൗണ്ടുകളിൽ കൃത്യമായി നിക്ഷേപിക്കാതെയാണ് തട്ടിപ്പ് നടത്തിയത്. കൂടാതെ വിവിധ കരാറുകാർക്ക് നൽകിയ തുകയിലും വൻതോതിൽ നികുതിവെട്ടിപ്പ് നടന്നിട്ടുണ്ട്.
2019 മുതൽ 2021 വരെയുള്ള കാലയളവിൽ സി.ടി സ്കാൻ ഡിവിഷനിൽ മാത്രം മൂന്നര ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നു. പണമിടപാടുകൾ രേഖപ്പെടുത്തുന്ന ലെഡ്ജറുകളിൽ ബോധപൂർവ്വം കൃത്രിമം കാട്ടിയാണ് പണം കവർന്നത്. ഇതേ കാലയളവിൽ ആശുപത്രി വികസന സമിതിയുമായി ബന്ധപ്പെട്ട് മാത്രം 36 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നതായും ഓഡിറ്റ് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നു.

Tags