കുടുംബശ്രീയിൽ കൂട്ടപ്പിരിച്ചുവിടൽ; 134 പേർക്ക് ജോലി നഷ്ടമായി
തിരുവനന്തപുരം: കുടുംബശ്രീ മിഷന് കീഴിലെ 'ദീൻദയാൽ അന്ത്യോദയ യോജന-നാഷണൽ അർബൻ ലൈവ്‌ലിഹുഡ്‌സ് മിഷൻ' പദ്ധതിയിലെ 118 സ്ത്രീകൾ ഉൾപ്പെടെ 134 കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ജൂൺ 30-ഓടെ കാലാവധി അവസാനിച്ച ഇവരുടെ കരാർ പുതുക്കി നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതോടെയാണ് ജീവനക്കാർക്ക് ജോലി നഷ്ടമായത്. സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആദ്യ കൂട്ടപ്പിരിച്ചുവിടലാണിത്. ഇതോടെ വൻ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. സർക്കാരിന്റെ ഈ നീക്കം പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് എൽഡിഎഫ് ആരോപിച്ചു.
നാല് സ്റ്റേറ്റ് മിഷൻ മാനേജർമാർ, 20 സിറ്റി മിഷൻ മാനേജർമാർ, 89 കമ്മ്യൂണിറ്റി ഓർഗനൈസർമാർ, 20 മൾട്ടി-ടാസ്ക് ജീവനക്കാർ, ഒരു മിഷൻ എക്സിക്യൂട്ടീവ് എന്നിവരടങ്ങുന്ന തസ്തികകളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഇവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ജോലി നഷ്ടപ്പെട്ടവരിൽ ഒൻപത് പേർ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരും, 58 പേർ 40-നും 50-നും ഇടയിൽ പ്രായമുള്ളവരും, 64 പേർ 30-നും 40-നും ഇടയിൽ പ്രായമുള്ളവരുമാണ്. മാർച്ച് 31-ന് അവസാനിച്ച ഇവരുടെ കരാർ നേരത്തെ ജൂൺ 30 വരെ നീട്ടി നൽകിയിരുന്നെങ്കിലും ഇത്തവണ പുതുക്കാൻ സർക്കാർ തയ്യാറായില്ല. എന്നാൽ മറ്റ് ചില ജീവനക്കാരുടെ കരാർ സെപ്റ്റംബർ 30 വരെ നീട്ടി നൽകിയിട്ടുമുണ്ട്.
.jpg)

