മാസപ്പടി കേസ് ; വീണ വിജയനെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള നിർണായക തെളിവുകൾ ലഭിച്ചെന്ന് ഇ.ഡി
കൊച്ചി : സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ റെയ്‌ഡിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള നിർണായക തെളിവുകൾ ലഭിച്ചെന്ന് ഇ.ഡി. റെയ്ഡിൽ ലഭിച്ച തെളിവുകളുടെ വിശദാംശങ്ങൾ കേന്ദ്ര ഓഫീസിനെ അറിയിക്കും. അവരുടെ മറുപടി ലഭിച്ചശേഷമാകും വീണക്ക് നോട്ടീസ് നൽകുക. ഇ.ഡി കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്.
വീണാ വിജയനെയും കരിമണല്‍ കമ്പനി ജീവനക്കാരെയും വീണ്ടും ചോദ്യം ചെയ്യാനാണ് ഇ.ഡി തയാറെടുക്കുന്നത്. രേഖകളുടെ പരിശോധന പൂർത്തിയാക്കി രണ്ട് ദിവസത്തിനകം സമൻസ് നൽകാനാണ് ഇ.ഡി നീക്കം. ഇ.ഡിയുടെ കൈവശമുള്ളത് വീണയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും അവരുടെ മൊഴികളുമാണ്. ഒപ്പം സി.എം.ആർ.എൽ ഉദ്യോഗസ്ഥരിൽ നിന്ന് എടുത്ത മൊഴിയുമുണ്ട്. അവ പരിശാധിച്ച് പൊരുത്തവും പൊരുത്തക്കേടുകളും വിശകലനം ചെയ്തുവരികയാണ്. കള്ളപ്പണ നിരോധന നിയമ പ്രകാരം അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള തെളിവുകൾ ലഭിച്ചുവെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.
ശശിധരൻ കർത്ത അനധികൃത സാമ്പത്തിക ഇടപാടുകളിലൂടെയാണോ പണം സമ്പാദിച്ചത്, അതിൽനിന്നുള്ള പണമാണോ മാസപ്പടി ഇനത്തിൽ വീണക്ക് നൽകിയത് തുടങ്ങിയ വിവരങ്ങളാണ് തെളിയാനുള്ളത്. വീണക്ക് നൽകിയ തുക മറ്റ് ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പോയി, അവ മരവിപ്പിക്കേണ്ടതുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ഡയറിയിലുള്ള മറ്റു പേരുകളെ കേന്ദ്രീകരിച്ച് തെളിവ് ശേഖരണം ആരംഭിച്ചിട്ടുണ്ട്. കണ്ടെത്തിയ ബാങ്ക് വിവരങ്ങളിൽ വിശദ പരിശോധന തുടങ്ങിയിട്ടുണ്ട്. വീണയുടെ പിടിച്ചെടുത്ത ഫോണും കർത്തയുടെ ലാപ് ടോപ്പും വിശദമായ ശാസ്ത്രീയ പരിശോധനക്ക് അയച്ചുവെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു. 200ലധികം രേഖകളാണ് കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ പിടിച്ചെടുത്തത്. ഇതിനൊപ്പം വീണാ വിജയന്‍റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.
.jpg)

