വളഞ്ഞ വഴിയിലൂടെ സർക്കാർ നിയമിക്കുന്ന വി.സി മാർ സർവ്വകലാശാലകളെ തകർക്കുന്നു : മാർട്ടിൻ ജോർജ്

കണ്ണൂർ:പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷന്റെയും കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷന്റെയും നേതൃത്വത്തിൽ താവക്കര ക്യംപസിൽ നടത്തിയ ഉപവാസ സമരം ഡിസിസി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. സർവ്വകലാശാലകളിൽ ഇൻ ചാർജ് വിസിമാരുടെ ദുർഭരണമാണെന്ന് മാർട്ടിൻ ജോർജ് ആരോപിച്ചു.
വളഞ്ഞ വഴികളിലൂടെ സി പി എം നിയമിച്ച ഇൻ-ചാർജ് വൈസ് ചാൻസിലർമാർ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണെന്നും സർവ്വകലാശാലകളുടെ സ്വയം ഭരണം ഇല്ലാതാക്കുന്ന നയങ്ങൾ സർക്കാർ തിരുത്തണമെന്നും ഡിസിസി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷനും കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷനും താവക്കര ക്യംപസിൽ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ് കേരളത്തിൽ നിന്നു വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വർധന. സിപിഎമ്മിനു വേണ്ടി എന്തും ചെയ്യുന്ന വൈസ് ചാൻസിലർമാരെയും അധികാര കേന്ദ്രങ്ങളെയും സൃഷ്ടിക്കുന്നതു വഴി പാർട്ടി ലക്ഷ്യമിടുന്നത് തങ്ങളുടെ ബന്ധുക്കളുടെ നിയമനം മാത്രമാണ്.
കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ഒരു പരിതോഷികമാണ്. കോളേജ്/ യൂണിവേഴ്സിറ്റി അധ്യാപക നിയമനത്തിന് അപേക്ഷിക്കുവാനുള്ള ഉയർന്ന പ്രായപരിധി 40 വയസ്സിൽ നിന്ന് 50 ആയി വർദ്ധിപ്പിക്കാനുള്ള തീരുമാനം പ്രായത്തിന്റെ കടമ്പയിൽതട്ടിക്കിടക്കുന്ന ചിലരെ നിയമിക്കാനുള്ള കുതന്ത്രമായും സംശയിക്കേണ്ടതുണ്ട്. സർവ്വകലാശാലകളുടെ ധനകാര്യമാനേജ്മെന്റ് പരിതാപകരമാണ്. വരുമാനം വർധിപ്പിക്കാൻ ആവശ്യപ്പെടുന്ന സർക്കാർ അതിനുള്ള വഴി നിർദേശിക്കുന്നില്ല. പകരം സർവ്വകലാശാലകളുടെ ഫണ്ട് കയ്യടക്കുകയാണ് ചെയ്യുന്നത്. സർവ്വകലാശാലകൾക്ക് ശമ്പളത്തിനായി നൽകുന്ന ഗ്രാന്റ് വൈകിപ്പിച്ച്, അവയെ മറ്റൊരു കെ.എസ്.ആ.ർ.ടി.സി ആക്കി മാറ്റാനുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം മനപൂർവ്വം മറവിയിലാക്കി ജീവനക്കാരെ സർക്കാർ വഞ്ചിക്കുകയാണെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു. ചരിത്രത്തിൽ ആദ്യമായി 15 ശതമാനം ക്ഷാമബത്ത കുടിശ്ശികയായിരിക്കുന്നു. കോളജുകളിൽ പ്രിൻസിപ്പൽമാരെ നിയമിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.
സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡന്റ് . ടി. ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ട്രഷറർ . ജയൻ ചാലിൽ, കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ. ഗംഗാധരൻ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, കെ.പി.സി.ടി.എ. റീജണൽ പ്രസിഡന്റ് ഷിനോ പി. ജോസ്, കണ്ണൂർ യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ ഭാരവാഹി ദിനേശൻ കുമാർ കെ.പി., സ്റ്റാഫ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി രാജകൃഷ്ണൻ കെ., ട്രഷറർ ശ ജിഷ കെ.പി., മുൻ അധ്യക്ഷൻമാരായ ഹരിദാൻ ഇ.കെ, ഷാജി കരിപ്പത്ത് എന്നിവർ പ്രസംഗിച്ചു.
സെനറ്റ് അംഗം കെ. പി. സതീശൻ നാരങ്ങനീർ നൽകി ഉപവാസ സമരം അവസാനിപ്പിച്ചു.