സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാൽ പുറത്താക്കാനാവില്ല; ക്‌നാനായ നടപടി മൗലിക അവകാശ ലംഘനമെന്ന് ഹൈക്കോടതി

Marriage outside the community cannot be expelled; High Court says Knanaya's action is a violation of fundamental rights

 കൊച്ചി: ക്‌നാനായ സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാല്‍ കോട്ടയം അതിരൂപതയില്‍ നിന്നും പുറത്താക്കുന്ന നടപടി ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. മതപരമായ സ്വയംഭരണാധികാരം വ്യക്തികളെ പുറത്താക്കാനുള്ള ലൈസന്‍സ് അല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോട്ടയം അഡീഷണല്‍ സബ് കോടതി വിധി ശരിവെച്ച അഡീഷണല്‍ ജില്ലാ കോടതിയുടെ 2022 സെപ്റ്റംബര്‍ രണ്ടിലെ ഉത്തരവ് ചോദ്യം ചെയ്ത് കോട്ടയം അതിരൂപതയും ആര്‍ച്ച് ബിഷപ്പും ഉള്‍പ്പെടെ നല്‍കിയ അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ് ഈശ്വരന്റെ ഉത്തരവ്.

ക്‌നാനായ സമുദായത്തില്‍ നിന്നുതന്നെ വിവാഹം കഴിക്കണമെന്നത് മതപരമായ അനിവാര്യ ആചാരമാണെന്ന് സ്ഥാപിക്കാനായിട്ടില്ലാത്തതിനാല്‍ ഇത് പാലിക്കാത്ത സഭാംഗത്തെ പുറത്താക്കാന്‍ അവകാശമില്ലെന്ന് കോടതി പറഞ്ഞു. അംഗത്വം ലഭിക്കുന്നതു ജന്മം വഴിയാണ്. ഈ അംഗത്വം നിയന്ത്രിക്കാന്‍ വ്യവസ്ഥ വെക്കാനാവില്ല. ക്‌നാനായ സമുദായാംഗമായ ആളെ വിവാഹം കഴിച്ച ക്‌നാനായ ഇതരര്‍ക്കും ഈ ബന്ധത്തിലുള്ള കുട്ടിക്കും അംഗത്വം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.

സ്വന്തം ഇഷ്ടപ്രകാരം ഒരാള്‍ക്ക് സമുദായത്തിന് അകത്തു നിന്ന് വിവാഹം കഴിക്കാം. എന്നാല്‍ ഇത് സ്ഥാപനവല്‍ക്കരിക്കാനോ നിയമം വഴി അടിച്ചേല്‍പ്പിക്കാനോ കഴിയില്ല. മതപരമായ സ്വയംഭരണാധികാരം ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്നുകയറാനും വ്യക്തികളെ പുറത്താക്കാനുമുള്ള ലൈസന്‍സായി മാറ്റാനാകില്ലെന്നും കോടതി പറഞ്ഞു. വ്യക്തിയുടെ അന്തസ്സും തുല്യതയും ഉയര്‍ത്തിപ്പിടിക്കുന്നതാണ് അഡീഷണല്‍ ജില്ലാ കോടതി ഉത്തരവ്. അതില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് അപ്പീലുകള്‍ തള്ളിയത്.


 

Tags