വിവാഹ വിവാദം ; കോടതിയിൽ തെളിവുകൾ ഹാജരാക്കി കുംഭമേള വൈറൽ താരം

Kumbh Mela viral star's marriage: POCSO case, Scheduled Caste atrocities case

തന്റെ പ്രായത്തെക്കുറിച്ച് നടക്കുന്നത് വ്യാജപ്രചാരണങ്ങളാണെന്ന് വ്യക്തമാക്കി കുംഭമേള വൈറൽ താരം എറണാകുളം സിജെഎം കോടതിയിൽ രഹസ്യമൊഴി നൽകി. തനിക്ക് ഏഴ് വയസ്സുള്ളപ്പോൾ എടുത്ത ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ താരം കോടതിക്ക് മുന്നിൽ സമർപ്പിച്ചു. തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും മണിപ്പൂർ ഡയറി സിനിമയുടെ സംവിധായകൻ മോശമായി പെരുമാറിയെന്നുമുള്ള പരാതികളെത്തുടർന്നാണ് പെൺകുട്ടി കോടതിയിലെത്തിയത്. തന്റെ പ്രായവുമായി ബന്ധപ്പെട്ട നുണപ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

താരത്തിന്റെ വിവാഹം നടന്നത് പ്രായപൂർത്തിയാകുന്നതിന് മുൻപാണെന്ന് ആരോപിച്ച് മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ഈ കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും തന്റെ മാതാപിതാക്കളെ സമ്മർദ്ദത്തിലാക്കി രാഷ്ട്രീയ താൽപ്പര്യത്തോടെ എടുത്ത കേസാണ് ഇതെന്നും താരം മൊഴി നൽകി. സംവിധായകൻ സനോജ് മിശ്ര, വിഎച്ച്പി നേതാവ് അനിൽ വിളയിൽ എന്നിവർക്കെതിരെ പെൺകുട്ടി നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

വ്യാജരേഖകൾ ചമച്ചാണ് ഭർത്താവിനെതിരെ കേസെടുത്തതെന്നാണ് പെൺകുട്ടിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാനെ ഈ മാസം 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് അന്വേഷണത്തിനായി കേരളത്തിലെത്തിയ മധ്യപ്രദേശ് പൊലീസിന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല. നിലവിൽ കോടതിക്ക് മുന്നിൽ സമർപ്പിച്ച രേഖകൾ പ്രായവിവാദത്തിൽ നിർണ്ണായകമാകും.

Tags