മർകസ് മദനീയം സാദാത്ത് ഭവന പദ്ധതി; 111 വീടുകളുടെ സമർപ്പണം മെയ് 21ന്

google news
Markaz Madaniyam Sadat Housing Project Dedication of 111 houses on May 21

കോഴിക്കോട്: മർകസും മദനീയം കൂട്ടായ്മയും സംയുക്തമായി സയ്യിദ് കുടുംബങ്ങൾക്ക് നിർമിച്ചുനൽകുന്ന 'ഇസ്‌കാൻ' ഭവന പദ്ധതിയുടെ ആദ്യഘട്ട സമർപ്പണം മെയ് 21 ഞായറാഴ്ച മർകസിൽ നടക്കും. മത സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറി ഭവനങ്ങൾ സമർപ്പിക്കും.

മദനീയം കൂട്ടായ്മയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മർകസ് പ്രഖ്യാപിച്ച പദ്ധതിയാണ് ഇസ്‌കാൻ. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പ്രത്യേക താത്പര്യവും നിർദേശവുമാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കാൻ നിമിത്തമാവുന്നത്. 100 വീടുകൾ നിർമിച്ചു നൽകാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും അപേക്ഷകൾ വർധിച്ചതിനെ തുടർന്ന് വീടുകളുടെ എണ്ണം 313 ആയി ഉയർത്തി.

406 അപേക്ഷകളിൽ നിന്നാണ് ഏറ്റവും അർഹരായ 313 കുടുംബങ്ങളെ കണ്ടെത്തിയത്. ഇതിലെ പണി പൂർത്തിയായ 111 വീടുകളുടെ താക്കോൽ ദാനമാണ് മെയ് 21 ലെ ചടങ്ങിൽ നിർവ്വഹിക്കുക. ശേഷിക്കുന്ന വീടുകളുടെ നിർമാണം പ്രാരംഭഘട്ടത്തിലാണ്. 10 ലക്ഷം രൂപ ചെലവിൽ 650 ചതുരശ്ര അടി വിസ്തൃതിയിലാണ് ഓരോ വീടിന്റെയും നിർമാണം പൂർത്തീകരിച്ചത്. മദനീയം കൂട്ടായ്മയിലൂടെയാണ് നിർമാണത്തിനാവശ്യമായ ധനം പ്രധാനമായും സമാഹരിക്കുന്നത്. മർകസ് പദ്ധതി സുതാര്യമായി നിർവ്വഹിക്കുകയും ചെയ്യുന്നു. ഇസ്‌കാൻ പദ്ധതിയുടെ ആദ്യഘട്ട സമർപ്പണത്തിലൂടെ കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിലുള്ള ഒട്ടനവധി പേരുടെ സ്വന്തം ഭവനമെന്ന സ്വപ്നമാണ് നിറവേറുന്നത്.

കോവിഡ് വ്യാപന കാലത്ത് സ്വന്തം വീടുകളിൽ ഒറ്റപ്പെട്ട മനുഷ്യർക്ക് ഊർജമേകുന്നതിനും ഒരുമിപ്പിക്കുന്നതിനും വേണ്ടി ആരംഭിച്ച ആത്മീയ-വൈജ്ഞാനിക ഓൺലൈൻ കൂട്ടായ്മയാണ് മദനീയം. ഒരു ലക്ഷത്തിലധികം സ്ഥിരം അംഗങ്ങളുള്ള മദനീയം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭവന പദ്ധതി കൂടാതെ പല ജീവകാരുണ്യ പദ്ധതികളും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.
 

Tags