മാരാർജി ഭവൻ ആക്രമണം: രണ്ട് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ

Mararji Bhavan attack: Two Congress workers arrested

തിരുവനന്തപുരം: ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവന് നേരെ ബിയർ കുപ്പിയെറിഞ്ഞ കേസിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ തിരുവനന്തപുരം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകരായ സുജിത് കുമാർ, അരുൺ എന്നിവരാണ് പിടിയിലായത്.ഒരു മാസം മുൻപ് തലസ്ഥാനത്തുണ്ടായ തുടർച്ചയായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായാണ് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയതിന് പിന്നാലെ തിരുവനന്തപുരത്തെ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് (ഡിസിസി) നേരെ ആക്രമണം നടന്നിരുന്നു.

ഈ കേസിൽ ഏതാനും ബിജെപി പ്രവർത്തകർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് രാത്രി വൈകി ബിജെപി ആസ്ഥാനത്തിന് നേരെ ബിയർ കുപ്പികൾ എറിഞ്ഞത്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പ്രതികൾ സഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുജിത് കുമാറും അരുണും വലയിലായത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്.

Tags