ആലപ്പുഴയിൽ ഗുണ്ടാത്തലവന്റെ കാറിൽനിന്ന് കിട്ടിയത് എം ഡി എം എയും രണ്ട് മലേഷ്യൻ കത്തികളും : പോലീസുമായി തർക്കിച്ച് മരട് അനീഷ്

marad aneesh
marad aneesh

ആലപ്പുഴ : ഗുണ്ടാത്തലവനും ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയുമായ എറണാകുളം മരട് ആനക്കാട്ട് വീട്ടില്‍ അനീഷ് ആന്റണിയും (മരട് അനീഷ്-37) കൂട്ടാളികളും മയക്കുമരുന്നുമായി പിടിയില്‍. തൃപ്പൂണിത്തുറ ശിവസദനം വീട്ടില്‍ കരുണ്‍ (28), കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ കൊച്ചുവെളി അരുണ്‍ (34) എന്നീ കൂട്ടാളികളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ ആലപ്പുഴയിലെത്തിയ കാറില്‍നിന്ന് നാലു ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. പുന്നമടയില്‍ പുരവഞ്ചിസഞ്ചാരത്തിനായെത്തിയതായിരുന്നു സംഘം.

tRootC1469263">

മരട് അനീഷും മറ്റു രണ്ടുപേരും കാറിലും സംഘാംഗങ്ങളായ 17 പേര്‍ മറ്റു വാഹനങ്ങളിലുമാണെത്തിയത്. സുഹൃത്തിന്റെ ജന്മദിനമാഘോഷിക്കാനാണ് ഇവര്‍ പുരവഞ്ചിയാത്രയ്ക്കിറങ്ങിയത്. ഒപ്പം മയക്കുമരുന്നിടപാടുകള്‍ കൂടി ലക്ഷ്യമിട്ടിരുന്നതായി പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ മുതല്‍ യൂണിഫോം ധരിക്കാതെ നര്‍ക്കോട്ടിക് വിഭാഗം പോലീസുദ്യോഗസ്ഥര്‍ പുന്നമടയിലും പരിസരത്തുമുണ്ടായിരുന്നു. എറണാകുളത്തുനിന്നു വന്ന 17 അംഗ സംഘം പുന്നമട കുരിശടിക്കു സമീപത്തുനിന്ന് പുരവഞ്ചിയില്‍ കയറിയയുടന്‍ നര്‍ക്കോട്ടിക് സംഘമെത്തി പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല. എല്ലാവരുടെയും ഫോണുകളുള്‍പ്പെടെ പോലീസ് പിടിച്ചുവെച്ചു. ഇതിനിടെ, അനീഷും മറ്റുള്ളവരും പുരവഞ്ചിയിലേക്കെത്തി. ഇവരെയും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അനീഷെത്തിയ കാര്‍ പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ.യും രണ്ടു മലേഷ്യന്‍ കത്തിയും ലഭിച്ചത്. ഇതിനിടെ, അനീഷ് പോലീസുമായി തര്‍ക്കിക്കുകയും ചെയ്തു.

ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവിന്റെ നിര്‍ദേശാനുസരണമായിരുന്നു പരിശോധന. ആലപ്പുഴ ഡിവൈ.എസ്.പി. എന്‍.ആര്‍. ജയരാജിന്റെ നേതൃത്വത്തില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കെ.പി. വിനോദ്, സബ് ഇന്‍സ്‌പെക്ടര്‍ നിധിന്‍രാജ്, സി.പി.ഒ.മാരായ ജോസഫ് ജോയി, ആര്‍. ശ്യാം, അഭിലാഷ് എന്നിവരും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫ് സംഘവും ചേര്‍ന്നായിരുന്നു പരിശോധന.

Tags